ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആറ് പ്രതികളും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍. അതുല്‍ ഷുക്കാര്‍ലോ ( 19 ), കണ്ണന്‍ എന്ന് വിളിക്കുന്ന സംഗീത് (19), കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ (19), അനന്ദു (20), രാഹുല്‍ (20) , ഹരികൃഷ്ണന്‍ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പട്ടണക്കാട് സ്വദേശി അനന്തു അശോകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ആറു പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘം മുന്‍പും അനന്തുവിനെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു.

 മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം പട്ടണക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സമീപത്തെ പാടത്ത് വച്ചാണ് അനന്തുവിന് നേരെ ആക്രമണമുണ്ടായത്. സ്ഥലത്ത് വച്ചുതന്നെ അനന്തു കൊല്ലപ്പെട്ടിരുന്നു.