ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ച് കൊന്ന കേസ് പ്രതികൾ കുറ്റം സമ്മതിച്ചു മണിക്കിന് ക്രൂരമായി മർദ്ദനമേറ്റെന്ന് ബന്ധു കൂടുതൽ പേരെ സംശയിച്ച് പൊലിസ്

കൊല്ലം: അഞ്ചലിൽ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ച് കൊന്ന കേസിൽ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. മണിക് റോയിക്ക് ക്രൂര മർദ്ദനം ഏറ്റിരുന്നതായി മണിക്കിന്‍റെ ബന്ധുവായ സൂര്യകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിടിയിലായ ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ജൂലൈ 22 ന് അഞ്ചലിലെ സുന്ദരൻ ആചാരിയുടെ കടയിൽ നിന്ന് കോഴി മോഷണം പോയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ഒരു കോഴിയുമായി മണിക് റോയി റോഡിലൂടെ പോയപ്പോൽ അത് മോഷണ മുതലാണെന്ന് സംശയിച്ച് തങ്ങൾ തടഞ്ഞെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. വാക്കേറ്റം ഉന്തുതള്ളുമായി പിന്നീട് മർദ്ദനത്തിൽ കലാശിച്ചു. തലയുടെ പുറക് വശം ഇടിച്ചാണ് മണിക് റോയി വീണത്.

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചു. മൂക്കിൽ കൂടി രക്തസ്രാവം ഉണ്ടായി. കൃത്യമായ ചികിത്സ ലഭിക്കാത്തതും മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മണിക്കിന് ചികിത്സാ നിഷേധം ഉണ്ടോയോ എന്ന് പൊലിസ് പരിശോധിക്കുകയാണ്.

ഇന്നലെ പിടിയിലായ ശശിധരക്കുറുപ്പിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. ഇന്ന് പുലർച്ചെയാണ് മറ്റൊരു പ്രതിയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകനുമായ ആസിഫിനെ പിടികൂടുന്നത്. കേസിൽ ഇവരെക്കൂടാതെ മറ്റ് ചിലർക്കും പങ്കുള്ളതായി പൊലിസ് സംശയിക്കുന്നു. അക്രമം കണ്ട് നിന്ന് പ്രാത്സാഹിപ്പിച്ച ചിലരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചു. മണിക് റോയിയുടെ മൃതദേഹം ബംഗാളിലെത്തിച്ച് സംസ്കരിച്ചു.