ജലവൈദ്യുത പദ്ധതികള്‍ വെള്ളമില്ലാതെ പ്രതിസന്ധി നേരിടുന്നതിനാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മറ്റു വഴികള്‍ കൂടി നോക്കേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു.  ഇടുക്കിയിലെ ശാന്തന്‍പാറയില്‍ അനെര്‍ട്ടിന്റെ സൗരോര്‍ജ്ജ വിളക്കുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മഴയില്ലാത്തതിനാല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ വെള്ളം വളരെ കുറവാണ്.  അതിനാല്‍ കേരളത്തിന് ആവശ്യമായ വൈദ്യുതി ഈ പദ്ധതികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല.  ഈ സാഹചര്യത്തിലാണ് സൗരോര്‍ജ്ജ പദ്ധതികള്‍ക്കുള്‍പ്പെടെ പ്രചാരം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.  സംസ്ഥാനത്ത് ഈ വര്‍ഷം 45,000 സൗര റാന്തലുകള്‍ സബ്‌സിഡി നിരക്കില്‍ അനെര്‍ട്ട് നല്‍കും. ഒരു ദിവസം സൂര്യപ്രകാശം ലഭിച്ചാല്‍ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന യൂണിറ്റിന് 2189 രൂപയാണ് വില. 

ജനറല്‍ വിഭാഗത്തിന് 500 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 1000 രൂപയും സബ്‌സിഡി ലഭിക്കും.  വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് ഈ വര്‍ഷം 11 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് അനെര്‍ട്ട് തീരുമാനിച്ചിരിക്കുന്നത്.  ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബി വിലക്ക് വാങ്ങും. വിവിധ മേഖലകളിലായി സബ്‌സിഡിയോടു കൂടി ഏഴു ലക്ഷം വാട്ടര്‍ ഹീറ്ററുകളും ഏഴായിരം ബയോഗ്യാസ് പ്ലാന്റുകളും അനെര്‍ട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.