കാസര്‍കോട്: സനഫാത്തിമയ്ക്ക് പിന്നാലെ കാസ‌‌ര്‍കോട്ട് നിന്നു മറ്റൊരു കുട്ടിയെ കൂടി കാണാതായി. ചെങ്കള ‌ചേരൂര്‍ കടവ് കബീറിന്റെ മകന്‍ ഷൈബാനെയാണ് ഇന്നലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരേയും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് രണ്ടരവയസുള്ള ഷൈബാനെ കാണാതാവുന്നത്. സംഭവത്തെ കുറിച്ച് വീട്ടുകാ‌ര്‍ പറയുന്നത് ഇങ്ങിനെ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടുകാരടൊപ്പം മുറ്റത്ത് ഷൈബാനും ഉണ്ടായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ അച്ഛന്‍ കബീര്‍ മറ്റൊരാവശ്യത്തിനായി വാഹനം എടുത്ത് പുറത്ത് പോയി. കുട്ടിയെ കുളിപ്പിക്കുന്നതിനായി വെള്ളം എടുക്കാന്‍ അമ്മ റുക്സാന വീടിനകത്തേക്ക് പോയി തിരിച്ച് വന്നപ്പോളാണ് കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം വീട്ടുമുറ്റത്ത് മറ്റൊരും ഉണ്ടായിരുന്നില്ല. വീടും പരിസരവും എല്ലാം പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതേതുട‌ര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. വീടിന് പിറക് വശത്ത് നൂറുമീറ്റര്‍ കഴിഞ്ഞാ‌ല്‍ ചന്ദ്രഗിരി പുഴയാണ്. കുട്ടി പുഴയില്‍ അകപ്പെട്ടോ എന്നാണ് സംശയം.

പൊലീസും ഫയ‌ര്‍ഫോഴ്സും നാട്ടുകാരും ചേ‌ര്‍ന്ന് പുഴയില്‍ പരിശോധന നടത്തിയെങ്കിലും ഇതുവരേയും ഒന്നും കണ്ടെത്താനായില്ല. ഇരുട്ടായതോടെ ഫയ‌ര്‍ഫോഴ്സ് സംഘം തിരച്ചല്‍ നിര്‍ത്തി മടങ്ങി. നാട്ടുകാർ രാത്രിയും പരിശോധന തുടരുകയാണ്. മുങ്ങല്‍ വിദഗ്ദരെ എത്തിച്ച് വിശദമായ തെരച്ചില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. അതേസമയം കളിഞ്ഞ ദിവസം മൊഗ്രാ‌ല്‍ കൊപ്പളം കടപ്പുറത്ത് വോളിബോള്‍ കളിക്കുന്നതിനിടെ കടലിൽപെട്ട ഖലീലിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.