കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥനെ ഡിവെെഎഫ്ഐ ഗുണ്ടയാക്കി ചിത്രീകരിച്ചത് പൊളിഞ്ഞതിന് പിന്നാലെ അടുത്ത പ്രചാരണം കൂടെ അസത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്

പന്തളം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുള്ള സപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി ശബരിമല നട തുറന്നപ്പോള്‍ നാടകീയ സംഭവങ്ങളാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമെല്ലാം അരങ്ങേറിയത്.

തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ പിന്നെയും നടന്നു. കൂടാതെ, സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുപാട് വ്യാജ പ്രചാരണങ്ങളും ചില കേന്ദ്രങ്ങള്‍ അഴിച്ചു വിട്ടുക്കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥനെ ഡിവെെഎഫ്ഐ ഗുണ്ടയാക്കി ചിത്രീകരിച്ചത് പൊളിഞ്ഞതിന് പിന്നാലെ അടുത്ത പ്രചാരണം കൂടെ അസത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. 

പന്തളം അമ്മയുടെ ശാപ വാക്കുകള്‍ എന്ന പേരില്‍ പ്രചരിച്ച സന്ദേശങ്ങളാണ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

” എന്റെ മകന്‍ ഇരിക്കുന്ന പുണ്യപൂങ്കാവനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടേ..മനസാ വാചാ കര്‍മണാ ഇതില്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും ഗതി പിടിക്കില്ല.. സന്താന ലബ്ധിക്കായി അവര്‍ ഉഴലും. രോഗങ്ങളാല്‍ അവരുടെ കുടുംബങ്ങള്‍ നരകിക്കും.. ഇത് എന്റെ ഹൃദയം പൊട്ടിയുള്ള ശാപം” എന്നിങ്ങനെയാണ് പന്തളം അമ്മയുടെ വാക്കുകള്‍.

എന്നാല്‍, ഒരു വര്‍ഷം മുമ്പ് മരിച്ച പന്തളം രാജ കുടുംബാംഗത്തിന്‍റെ ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടന്നത്. പന്തളം കൊട്ടാരത്തിലെ അംബ തമ്പുരാട്ടി കഴിഞ്ഞ വര്‍ഷം നവംബറിലാണ് മരണപ്പെട്ടത്. ഇവരുടെ ചിത്രം ഉപയോഗിച്ചാണ് ഇപ്പോള്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.