കോഴിക്കോട്:സിനിമാ സംഘടനയായ അമ്മയുടെ അപ്രമാദിത്വത്തിനെതിരെ ചെറുകിട സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ നിലവില്‍ വരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പുതിയ സംഘടന നിലവില്‍ വരുന്നത്. 'ഊമക്കുയില്‍ പാടുന്നു'വെന്ന ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗലൂരിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന നിലവില്‍ വരുന്നത്.
അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളില്‍ നിന്ന് ഇതു വരെ നേരിടേണ്ടി വന്ന അവഗണനയാണ് ഇത്തരമൊരു കൂട്ടായ്മക്ക് പ്രേരണ. അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളില്ലാതെ ആര്‍ക്കും സംഘടനയില്‍ അംഗങ്ങളാകാം. ഊമക്കുയില്‍ പാടുന്നുവെന്ന തന്റെ കന്നിചിത്രം തന്നെ പെട്ടിയിലിരിക്കാന്‍ കാരണം ദിലീപ് അടക്കമുള്ള സിനിമാ രംഗത്തെ ഒരു വിഭാഗമാണെന്നും സിദ്ദിഖ് ചേന്ദമംഗലൂര്‍ ആരോപിക്കുന്നു.
പ്രമുഖ താരങ്ങളെ വിലക്കിയും, പിന്നീട് തീയേറ്ററുകള്‍ നല്‍കാതെയുമായിരുന്നു സിനിമയെ തകര്‍ത്തതെന്ന് ഇദ്ദേഹം പറയുന്നു. വരുന്ന ബുധനാഴ്ച കോഴിക്കോട് ചേരുന്ന ആദ്യ ജനറല്‍ ബോഡിയില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കും. പുതിയ സംഘടനയില്‍ സിനിമ, സീരിയല്‍ എന്ന വേര്‍തിരിവുമുണ്ടാകില്ലെന്ന് സംഘാടകന്‍ പറയുന്നു.
