ദോഹ: ഖത്തറില്‍ ഒരാളില്‍ കൂടി മെഴ്‌സ് രോഗം സ്ഥിരീകരിച്ചു. അറുപത്തിരണ്ടുകാരനായ വിദേശിയിലാണ് കൊറോണ വൈറസ് കാരണമുണ്ടാകുന്ന രോഗം കണ്ടെത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഇതാദ്യമായാണ് മെഴ്‌സ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്.
മനുഷ്യനിലും മൃഗങ്ങളിലും ഒരുപോലെ ബാധിക്കുന്ന മിഡില്‍ ഈസ്റ്റ് റെസിപിറേറ്ററി സിന്‍ഡ്രോം എന്നറിയപ്പെടുന്ന കൊറോണ വൈറസ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൗദി അറേബ്യയിലും കുവൈറ്റിലും ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം നിരവധി പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു നാളിതുവരെയായി പത്തൊന്‍പത് കൊറോണ വൈറസ് ബാധയാണ് രാജ്യത്ത് കണ്ടെത്തിയത്. ഇതില്‍ ഏഴോളം പേര്‍ മരണത്തിനു കീഴടങ്ങി. പനി, രാത്രികാലങ്ങളില്‍ ശരീരം അമിതമായി വിയര്‍ക്കുക, വയറുവേദന, തുടങ്ങിയ രോഗ ലക്ഷണങ്ങളുമായി ഹമദ് ആശുപത്രിയിലെത്തിയ രോഗിയുടെ രക്ത പരിശോധനയിലാണ് ഈ വര്‍ഷത്തെ ആദ്യ മേഴ്‌സ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗിയെ പ്രത്യേക പരിചരണ മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗി മറ്റുള്ളവരുമായി ഇടപഴകുന്നത് പൂര്‍ണമായും ഒഴിവാക്കാനാണ് ഇതെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചുമ, പനി, ശ്വാസ തടസ്സം, ഛര്‍ദി, അതിസാരം എന്നിവയാണ് മേഴ്‌സ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. മെഴ്‌സ് ബാധ തടയാന്‍ ആരോഗ്യമന്ത്രാലയം ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മെഴ്‌സ് രോഗബാധയുമായി ബന്ധപ്പെട്ട് സംശയമുള്ളവര്‍ 66 74 09 48, 6674 0948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
