ആലുവ: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 112 പവന്‍ കവര്‍ന്ന സംഘത്തിനായുള്ള അന്വേഷണത്തിനിടെ വീണ്ടും കവര്‍ച്ച. ജനമൈത്രി പൊലീസ് സ്റ്റേഷന് സമീപത്തെ ഫാന്‍സി കടയില്‍ നിന്നാണ് ഒന്നര ലക്ഷം രൂപ വിലവരുന്ന ഉല്‍പന്നങ്ങള്‍ കവര്‍ന്നത്. ജനമൈത്രി പോലീസ് സ്‌റ്റേ്ഷന് വിളിപ്പാടകലെയുള്ള ഫാന്‍സി കടയില്‍ വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടറുകളുടെ താഴ് തകര്‍ത്ത് മോഷ്ടാക്കള്‍ ഉള്ളില്‍ കടക്കുകയായിരുന്നു.

ഫാന്‍സി ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ബാഗുകള്‍ തുടങ്ങിയവയാണ് സംഘം കവര്‍ന്നത്. കടയിലെ സിസിടിവി കാമറ നശിപ്പിച്ച ശേഷമായിരുന്നു കവര്‍ച്ച. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ സക്കീര്‍ സംഭവമറിഞ്ഞത്. ഒന്നിലധികം പേര്‍ സംഘത്തില്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം.

റൂറല്‍ എസ്.പിയുടെയും ഡിവൈഎസ്പിയുടേയും സിഐയുടെയും ഓഫീസുകള്‍ കടയുടെ സമീപത്ത് തന്നെയാണ്. കഴിഞ്ഞ ആഴ്ച ആലുവയില്‍ വീട് കുത്തിതുറന്ന് 112 പവനും തൊണ്ണൂരായിരം രൂപയും കവര്‍ന്ന സംഭവത്തില്‍ തുമ്പുണ്ടാക്കാനാകാതെ പൊലീസ് വലയുന്നതിനിടെ വീണ്ടും നടന്ന കവര്‍ച്ചയുടെ അമ്പരപ്പിലാണ് നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും.