65കാരനോടുള്ള ക്രൂരത തല്ലുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യം

ലക്‌നൗ: ദിവസങ്ങള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം രണ്ടുപേരെ ആക്രമിക്കുകയും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ രണ്ടാമതൊരു ദൃശ്യം കൂടി പുറത്തുവന്നു. എന്‍.ഡി.ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

65 വയസ്സുകാരനായ സമിയുദ്ദീനെ ആള്‍ക്കൂട്ടം തല്ലുന്നതും അസഭ്യം പറയുന്നതുമാണ് ദൃശ്യത്തിലുള്ളത്. 


തലയിലടക്കം പരിക്കേറ്റ സമിയുദ്ദീന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സമിയുദ്ദീനോടൊപ്പമുണ്ടായിരുന്ന ഖ്വാസിം എന്നയാള്‍ ആക്രമണത്തിനിടെ തന്നെ മരിച്ചിരുന്നു. ഖ്വാസിമിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും നേരത്തേ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് നോക്കി പൊലീസുകാര്‍ വെറുതെ നിന്നതും ഏറെ ചര്‍ച്ചയായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ദൃശ്യം കൂടി പുറത്തുവന്നിരിക്കുന്നത്.