ജനാധിപത്യ കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എടുത്തത് പാര്‍ട്ടിക്ക് കിട്ടിയ വലിയ അംഗീകാരമായി കാണുന്നുവെന്ന് ആന്‍റണി രാജു.
തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എടുത്തത് പാര്‍ട്ടിക്ക് കിട്ടിയ വലിയ അംഗീകാരമായി കാണുന്നുവെന്ന് ആന്‍റണി രാജു. മാണി വിഭാഗത്തിലെ അസംതൃപ്തര്‍ ഇതോടെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരുമെന്നും ആന്‍റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുന്നണി പ്രവേശനത്തിൽ ഏറെ സന്തോഷമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് എ.പി. അബ്ദുൽ വഹാബ് പ്രതികരിച്ചു. ഇടത്പക്ഷ രാഷ്ട്രീയത്തിൽ 25 വർഷം ഉറച്ച് നിന്നതിന്‍റെ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുത്തത് നല്ല തീരുമാനമെന്ന് ആര്‍ ബാലകൃഷ്ണപിളള പ്രതികരിച്ചു. മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആശയപരമായി യോജിച്ച് പോകാൻ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് വരാൻ പറ്റിയതിൽ സന്തോഷമെന്നായിരുന്നു വിരേന്ദ്രകുമാറിന്‍റെ പ്രതികരണം. സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല എൽഡിഎഫുമായുണ്ടായിരുന്ന ബന്ധമെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.
