ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ബോളിവുഡ് നടൻ അനുപം ഖേറാണ് വെള്ളിത്തിരയിൽ മൻമോഹൻ സിം​ഗ് ആയി എത്തിയത്. ചിത്രം കണ്ടതിനുശേഷം മൻമോഹൻ സിം​ഗിനെക്കുറിച്ച് അനുപം ഖേറിന്റെ‌ അമ്മ ദുലാരി ഖേർ പറയുന്ന വാക്കുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അനുപം ഖേർ വീഡിയോ ആരാധകരുമായി പങ്കുവച്ചത്. 

'മൻമോഹൻ സിം​ഗിനെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു പാവത്താനായ അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. ​​ദൂരെനിന്ന് മാന്യനായി തോന്നുന്ന ഒരു വ്യക്തിയെ ആളുകൾ വിഢ്ഡിയായി കരുതും. എന്നാൽ അവർ വളരെയധികം ബുദ്ധിയുള്ളവരാണെന്ന് ആളുകൾക്ക് അറിയില്ല'-ദുലാരി ഖേർ വീഡിയോയിൽ പറയുന്നു. 
 
ചിത്രത്തിലെ അനുപം ഖേറിന്റെ അഭിനയത്തെക്കുറിച്ചും ദുലാരി പറഞ്ഞു. തന്റെ മകനാണ് ചിത്രത്തിൽ മൻമേഹൻ സിം​ഗായി എത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ദുലാരിയുടെ ആദ്യ പ്രതികരണം. നീ എന്താണ് കഴിക്കുന്നത്. എനിക്ക് മനസ്സിലാകുന്നില്ല. ചിത്രത്തിലെ അഭിനയത്തിന് അനുപം ഖേറിന് നൂറിൽ നൂറ് നൽകികൊണ്ട് ദുലാരി പറഞ്ഞു. ചിത്രം നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് ഉറപ്പാണ് എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. 

'എല്ലാ നിരൂപണങ്ങളുടെയും അമ്മ: ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റർ ദുലാരി കണ്ടു. ചിത്രത്തെക്കുറിച്ച് അവരുടെ നിരൂപണം ഈ ഒരു മിനിട്ട് വീഡിയോയയിൽ കേൾക്കാമെന്ന്' അടിക്കറിപ്പോടെ പങ്കുവച്ച വീഡിയോ നിരവധിയാളുകളാണ് ഇതിനോടകം കണ്ടത്. അതേസമയം 'മൻമേഹൻ സിം​ഗിനെക്കുറിച്ചുള്ള ​ദുലാരിയുടെ നിരീക്ഷണം വളരെ ശരിയാണെന്നും അമ്മയുടെ നിരൂപണം തനിക്ക് ലഭിച്ച ഏറ്റവും മികച്ച ബഹുമതിയാണെന്നും' അനുപം ഖേർ പറഞ്ഞു.     

വിജയ് രത്നാകര്‍ ആണ് ചിത്രം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്നാണ് പുസ്തകത്തിന്റെ പേര്. ചിത്രത്തില്‍ മൻമോഹൻ സിംഗിന് പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്.   
 
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് ​രം​ഗത്തെത്തിയത്. ചിത്രത്തിൽ അഭിനയിച്ചതിനെതിരെ അനുപം ഖേറിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബീഹാറിലെ മുസാഫര്‍പുര്‍ സിജിഎം കോടതിയിൽ സുധീര്‍ കുമാര്‍ ഓജ എന്ന വക്കീലാണ് അനുപം ഖേറിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്.
 
ഏറ്റവും ഒടുവിലായി ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ദില്ലി കോടതി തള്ളി. ദില്ലി സ്വദേശിയായ ഫാഷൻ ഡിസൈനര്‍ പൂജ മഹജൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി കാമേശ്വർ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. അതേസമയം ദില്ലി ഹൈക്കോടതി വിധിക്കെതിരെ ഹർജിക്കാരി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.