ദില്ലി:പത്മ പുരസ്കാരങ്ങള്‍ക്കുള്ള പേരുകള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരായിരുന്നു പത്മപുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി പൊതുജനങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാം.

അര്‍ഹതയുണ്ടായിട്ടും അംഗീകാരം കിട്ടാത്ത അറിയപ്പെടാത്തവര്‍ക്ക് അംഗീകാരം കിട്ടാന്‍ ഇത് സഹായിക്കും. നീതി ആയോഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ദല്ലാളുമാര്‍ക്കും ഇടനിലക്കാര്‍ക്കും പണിയില്ലാതായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെറിയൊരു മാറ്റത്തിനാണ് ഞങ്ങൾ തുടക്കം കുറിച്ചിരിക്കുന്നത്. ഇനി ആർക്കു വേണമെങ്കിലും ഒരാളെ പത്മ പുരസ്കാരത്തിനായി ഓൺലൈനായി നിർദേശിക്കാം. എല്ലാ ജനങ്ങൾക്കും രാജ്യത്തിനുവേണ്ടി എന്തെങ്കിലും നൽകാൻ സാധിക്കും. നമ്മുടെ വളർച്ചയ്ക്കൊപ്പം ഈ കഴിവുകളെ സമന്വയിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.