ലക്നൗ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌നാ ദള്‍. ബി ജെ പിയും അപ്നാ ദളുമായുള്ള പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യു പിയിൽ സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് അപ്‌നാ ദള്‍ അധ്യക്ഷന്‍ ആഷിഷ് പട്ടേല്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് മോദി യു പിയിലെത്തുന്നത്.

സംസ്ഥാനത്തെ ബി ജെ പി നേതാക്കളുടെ അഹങ്കാര മനോഭാവത്തിൽ പാർട്ടിക്ക് അതിയായ വേദനയുണ്ട്. അവർ അപ്നാ ദൾ നേതാക്കളെയും സമൂഹത്തിന്റെ താഴേത്തട്ടിൽ നിൽക്കുന്നവരെയും നിന്ദിക്കുകയാണ്- ആഷിഷ് പട്ടേല്‍ പറഞ്ഞു. അപ്‌നാ ദള്‍ ഇതാദ്യമായാണ് ബി ജെ പിക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപ്‌നാ ദളിനോടു കാട്ടുന്ന അവഗണനയാണ് ഇതിനുകാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബി ജെ പിയും അപ്‌നാ ദളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മോദി ഇടപെടണമെന്നും അല്ലാത്തപക്ഷം സർക്കാരുമായി സഹകരിക്കില്ലെന്നുമാണ് പാര്‍ട്ടി തീരുമാനം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ ബി ജെ പിക്കൊപ്പം നിന്ന് പ്രവർത്തിച്ചവരാണ് അപ്‌നാ ദള്‍. അതേ സമയം മോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനില്‍ക്കുമെന്ന് യോഗി മന്ത്രി സഭയിലെ മന്ത്രിയും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രജ്ബാർ പറഞ്ഞു.

ശനിയാഴ്ച യു പിയിൽ എത്തുന്ന  മോദി വാരാണയിസിയിലെ ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന റീജിയണല്‍ സമ്മിറ്റില്‍ പങ്കെടുക്കും. ശേഷം ഗാസിയാപൂരില്‍ മഹാരാജ സുഹല്‍ദിയോയുടെ പേരില്‍ അച്ചടിച്ച പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്യും.