ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ അഴിമതി ആരോപണവുമായി വീണ്ടും ബിജെപി. ദില്ലി സര്‍ക്കാര്‍ 80 പേര്‍ക്ക് ഭക്ഷണവിരുന്നൊരുക്കാന്‍ 11 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് ബിജെപി ആരോപണം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11, 12 തീയതികളില്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കെജ്‍രിവാളിന്‍റെ വീട്ടില്‍ ദില്ലി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച വിരുന്നില്‍ ഒരാളുടെ ഭക്ഷണത്തിനായി 13,000 രൂപ ചെലവാക്കിയെന്നാണ് ആരോപണം. കെജ്‍രിവാള്‍ രാജിവയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ആരോപണം നിഷേധിച്ച ദില്ലി ധനമന്ത്രി മനീഷ് സിസോദിയ ഫയല്‍ താന്‍ മടക്കി അയച്ചതാണെന്നും വ്യക്തമാക്കി. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ കൈവശമുള്ള ഫയല്‍ ഇപ്പോള്‍ പുറത്തുവിട്ടത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും സിസോദിയ വിശദീകരിച്ചു.