സൂറത്ത്: ക്ഷേത്രങ്ങള്‍ തനിക്ക് സന്ദര്‍ശിക്കാന്‍ പാടില്ലാത്ത ഇടങ്ങളാണോയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൂറത്തിലെ മണ്ഡാവി സന്ദര്‍ശന വേളയിലാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ ക്ഷേത്ര സന്ദര്‍ശനം ഒഴിവാക്കുകയാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധി നിലവില്‍ സന്ദര്‍ശനം നടത്തുന്ന ഗുജറാത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ 22 ശതമാനത്തോളം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. 

ഡിസംബറില്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ ഗുജറാത്ത് സന്ദര്‍ശനം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യവസായികളെ ഭരണകൂടം നഷ്ടത്തിലേയ്ക്ക് തള്ളിയിട്ടെന്നും രാഹുല്‍ ആരോപിച്ചു. ജിഎസ്ടി, നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍, തൊഴിലില്ലായ്മ എന്നിവയാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കുന്നത്. എന്നാല്‍ അവസാനം അവര്‍ ദൈവത്തിന്റെ വാതില്‍പടിയിലും എത്തിയെന്നായിരുന്നു ബിജെപി നേതാവ് ജയ് നാരായണ്‍ വ്യാസിന്റെ പ്രതികരണം.