1974ല്‍ ഇറ്റലി, പോളണ്ട്, ഹെയ്തി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് നാലിലായിരുന്നു അര്‍ജന്‍റീന 2002 ല്‍ സ്വീഡനും ഇംഗ്ലണ്ടും നൈജീരിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലായിരുന്നു അര്‍ജന്‍റീന

മോസ്‌കോ: ബ്രസീല്‍ ലോകകപ്പില്‍ കൈയെത്തും ദൂരെ നഷ്ടമായ ലോകകിരീടം സ്വന്തമാക്കാനായി റഷ്യന്‍ മണ്ണിലിറങ്ങിയ മെസിപ്പട സമാനതകളില്ലാത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകകപ്പില്‍ ക്രൊയേഷ്യയോട് രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ അര്‍ജന്റീനയുടെ സാധ്യതകള്‍ തുലാസിലായി.രണ്ടാം റൗണ്ട് കാണാതെ പുറത്താകാനാണോ മുന്‍ ചാമ്പ്യന്‍മാരുടെ വിധിയെന്നറിയാനുള്ള ആകാംഷ എല്ലായിടത്തുമുണ്ട്.

സമാനമായ സാഹചര്യം അര്‍ജന്‍റീന പലകുറി നേരിട്ടിട്ടുണ്ട്. ഇതില്‍ പ്രധാനം 1974, 2002 ലോകകപ്പുകളാണ്. രണ്ട് ലോകപോരാട്ടങ്ങളും കാല്‍പന്തുലോകത്തെ മിശിഹയുടെ പട്ടാളത്തെ ഉറ്റുനോക്കുകയാണെന്ന് പറയാവുന്ന സാഹചര്യമാണ് ഇക്കുറി.

1974ല്‍ ഇറ്റലി, പോളണ്ട്, ഹെയ്തി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് നാലിലായിരുന്നു അര്‍ജന്റീന. ആദ്യ മത്സരത്തില്‍ പോളണ്ടിനോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. അടുത്ത മത്സരത്തില്‍ ഇറ്റലിയോട് 1-1 സമനില. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചില്ല. അവസാന മത്സരത്തില്‍ ഹെയ്തിയെ തോല്‍പ്പിച്ചതും പോളണ്ട് ഇറ്റലിയെ തോല്‍പ്പിച്ചതുമാണ് രണ്ടാം റൗണ്ടിലെത്താന്‍ അര്‍ജന്റീനയ്ക്ക് തുണയായത്. എന്നാല്‍ അവസാന എട്ടിനപ്പുറം കടക്കാന്‍ അര്‍ജന്‍റീനയ്ക്ക് സാധിച്ചില്ല. രണ്ട് ഗ്രൂപ്പുകളായി നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോളണ്ട്, ബ്രസീല്‍, ജര്‍മനി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പിലായിരുന്നു അര്‍ജന്റീന. ബ്രസീലിനോടും ഹോളണ്ടിനോടും തോറ്റ അര്‍ജന്റീന സെമി കാണാതെ പുറത്തായി.

2002 ലായിരുന്നു ലോകകപ്പില്‍ അരനൂറ്റാണ്ടിനിടയില്‍ അര്‍ജന്‍റീന ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത്. രണ്ടാം റൗണ്ട് കാണാതെ ആരാധകരുടെ പ്രിയ ടീം നാണം കെട്ട് മടങ്ങുകയായിരുന്നു. 1974 ല്‍ പോലും ആദ്യം റൗണ്ട് പിന്നിടാന്‍ അര്‍ജന്‍റീനയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 2002 ല്‍ മുന്‍ ചാമ്പ്യന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. സ്വീഡനും ഇംഗ്ലണ്ടും നൈജീരിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലായിരുന്നു അവര്‍. ആദ്യ മത്സരത്തില്‍ നൈജീരിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും സംഘവും ടൂര്‍ണമെന്‍റിലെ ഫേഫറിറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചു.

എന്നാല്‍ പിന്നിടുള്ള രണ്ട് മത്സരങ്ങളിലും ദുരന്തമായിരുന്നു കാത്തിരുന്നത്. ഇംഗ്ലണ്ടിനെതിരെ മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റ അര്‍ജന്‍റീന സ്വീഡന് മുന്നില്‍ സമനിലയില്‍ കുടുങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിനെയും സമനിലയിലാക്കിയിരുന്ന സ്വീഡന്‍ നൈജീരിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി. അര്‍ജന്‍റീനയാകട്ടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 4 പോയിന്‍റുമായി നാട്ടിലേക്ക് വണ്ടികയറുകയും ചെയ്തു. സമാനമായ സാഹചര്യമാണ് റഷ്യയിലും. 1974 ലെ ലോകകപ്പിലെ പോലെ രണ്ടാം റൗണ്ടിലെത്തുമോ അതോ 2002 ലെ പോലെ നോക്കൗട്ട് കാണാതെ പുറത്താകുമോയെന്ന് കണ്ടറിയാണ്. 

അര്‍ജന്‍റീനയുടെ സാധ്യത ഇനി ഇങ്ങനെ

രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്‍റ് നേടിക്കഴിഞ്ഞ ക്രൊയേഷ്യ മാത്രമാണ്ഗ്രൂപ്പില്‍ നിന്ന് രണ്ടാം റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിട്ടുള്ളത്. രണ്ടാം സ്ഥത്ത് നിലവില്‍ നൈജിരയയും മൂന്നാം സ്ഥാനത്ത് ഐസ് ലാന്‍ഡുമാണ്. അവസാന സ്ഥാനത്താണ് മെസിയുടെ അര്‍ജന്‍റീന. അവസാന ലീഗ് മത്സരത്തില്‍ നൈജീരയയെ കീഴടക്കണമെന്നതാണ് അര്‍ജന്‍റീനയുടെ മുന്നിലെ ആദ്യ കടമ്പ. നൈജീരയയെ തോല്‍പ്പിച്ചാല്‍ മാത്രം അര്‍ജന്‍റീനയ്ക്ക് നോക്കൗട്ടിലെത്താന്‍ സാധിക്കില്ല. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ ഐസ് ലന്‍ഡ് പരാജയപ്പെടുകയും വേണം മെസിക്കും സംഘത്തിനും രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യാം. ക്രൊയേഷ്യയെ ഐസ് ലാന്‍ഡ് പരാജയപ്പെടുത്തിയാലും അര്‍ജന്‍റീനയ്ക്ക് വേണമെങ്കില്‍ നോക്കൗട്ടിലെത്താം. പക്ഷെ നൈജീരിയയെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തണമെന്ന് മാത്രം.