ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയം നേടിയത്.

മോസ്കോ: ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഫിഫയുടെ നടപടി. ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജില്‍ ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തിനു ശേഷം ആരാധകരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനു ഫിഫ 80,085 പൗണ്ട് പിഴ ചുമത്തി.

മത്സരത്തിനിടെ അര്‍ജന്റീന ആരാധകര്‍ ക്രൊയേഷ്യന്‍ ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള പാട്ടു പാടുകയും അവരെ സ്വവര്‍ഗാനുരാഗികളെന്നു വിളിച്ചു കളിയാക്കുകയും ചെയ്തുവെന്നു ഫിഫ കണ്ടെത്തിയിരുന്നു. ആരാധകര്‍ക്കെതിരെ സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും ഫിഫ അന്വേഷണത്തില്‍ കണ്ടെത്തി.

ഇതിനുപുറമെ, മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് ചട്ടപ്രകാരം മത്സരത്തിനു ശേഷം നടത്തേണ്ട ഫ്ലാഷ് ഇന്റര്‍വ്യൂവിന് അര്‍ജന്റീനയില്‍ നിന്നും ആരും പങ്കെടുക്കാതിരുന്നതും അച്ചടക്ക ലംഘനമായി ഫിഫ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ മെക്‌സിക്കോക്കെതിരെയും ഫിഫ ഇത്തരം വിഷയത്തില്‍ നടപടി എടുത്തിരുന്നു. തുടര്‍ന്ന് മെക്സിക്കന്‍ ഫുട്ബോള്‍ അസോസിയേഷന് 7,616 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയം നേടിയത്. ഗോള്‍ കീപ്പര്‍ വില്ലി കാബെല്ലറോയുടെ പിഴവില്‍ നിന്നും റെബിക്ക് ആദ്യ ഗോള്‍ നേടിയതിനു ശേഷം മോഡ്രിച്ച്, റാകിറ്റിച്ച് എന്നിവരാണ് അര്‍ജന്റീനയെ തകര്‍ത്ത് ഗോള്‍വല കുലുക്കിയത്. ഇതോടെ നോക്കൗട്ട് ഘട്ടത്തിലെത്താന്‍ ടീമിനു സാധ്യതകള്‍ മങ്ങുകയും ചെയ്തു. ഇന്ന് നൈജീരിയയെ തോല്‍പ്പിക്കുകയും ക്രൊയേഷ്യ ഐസ്‌ലന്‍ഡിനെ തോല്‍പ്പിക്കുകയോ സമനിലയില്‍ തളക്കുകയോ ചെയ്താലെ അര്‍ജന്റീനക്ക് പ്രീ ക്വാര്‍ട്ടറിലെത്താനാവു.