ക്രോയേഷ്യയോട് നേരിട്ട 3-0 തോല്‍വിയാണ് ടൂര്‍ണമെന്‍റിലെ വമ്പന്മാര്‍ എന്ന പേരുമായി എത്തിയിട്ടും അര്‍ജന്‍റീനയ്ക്ക് വിനയായത്

മോസ്കോ: ക്രോയേഷ്യയോട് നേരിട്ട 3-0 തോല്‍വിയാണ് ടൂര്‍ണമെന്‍റിലെ വമ്പന്മാര്‍ എന്ന പേരുമായി എത്തിയിട്ടും അര്‍ജന്‍റീനയ്ക്ക് വിനയായത്. ഇതോടെ നൈജീരിയയുമായി കളിക്കുന്ന അവസാന ഗ്രൂപ്പ് മത്സരം അര്‍ജന്‍റീനയുടെ റഷ്യന്‍ ലോകകപ്പിലെ ഭാവി നിര്‍ണ്ണയിക്കും. എന്നാല്‍ ഐസ്ലാന്‍റ് ക്രൊയേഷ്യയെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തിയാല്‍ നൈജീരിയയോട് ജയിച്ചാലും അര്‍ജന്‍റീനയുടെ സാധ്യതയെ ബാധിക്കും.

അതിനാല്‍ ആ മത്സരത്തിന്‍റെ ഫലവും അര്‍ജന്‍റീനയ്ക്ക് പ്രധാനമാണ്. അതിനിടയിലാണ് അര്‍ജന്‍റീനയെ ആശങ്കയിലാക്കി ക്രൊയേഷ്യന്‍ തീരുമാനം എത്തുന്നത്. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ക്രൊയേഷ്യ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തിയാകും ഐസ്ലന്‍ഡിനെ നേരിടാനൊരുങ്ങുകയെന്ന പരിശീലകന്‍ സ്ലാട്ടോ ഡാലിക്ക് വ്യക്തമാക്കി. ആറോളം പ്രമുഖരില്ലാതെ ഇറങ്ങുമെന്ന ക്രൊയേഷ്യന്‍ പരിശീലകന്റെ പ്രഖ്യാപനം അര്‍ജന്റീന ആരാധകരെ ആശങ്കയിലാക്കുന്നു.

ക്രൊയേഷ്യയ്‌ക്കെതിരേ ജയിച്ചാല്‍ ഐസ്ലന്‍ഡാകും ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടുന്ന രണ്ടാം ടീം. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ക്രൊയേഷ്യയ്ക്ക് അപ്രധാന മത്സരത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക് വരാതിരിക്കാനും കാര്‍ഡ് വാങ്ങിക്കാതിരിക്കാനുമാണ് ശ്രമിക്കുക. ഇതിന്‍റെ ഭാഗമായാണ് ഇവാന്‍ റാകിടിച്ച്, മരിയോ മാന്‍സൂക്കിച്ച് തുടങ്ങിയവരെ പുറത്തിരുത്തുമെന്നുള്ള സൂചന പരിശീലകന്‍ നല്‍കിയത്.

അര്‍ജന്റീനയുമായുള്ള മത്സരശേഷം മെസി മികച്ച താരാമണെന്നും അവര്‍ക്ക് വേണ്ടി അടുത്ത മത്സരത്തില്‍ ഐസ്ലന്‍ഡിനെതിരേ ക്രൊയേഷ്യ ജയിക്കാനായി പൊരുതുമെന്നും ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് പറഞ്ഞത്.