അര്‍ജന്റീനയുടെ പരിശീലകരാവുന്നവരെല്ലാം ഈ സത്യം അംഗീകരിക്കാന്‍ തയാറാവണം. പരിശീലകനെന്ന നിലയില്‍ ഞാനിത് അംഗീകരിക്കുന്നു
മോസ്കോ: ലോകകപ്പില് അര്ജന്റീനയുടെ ദയനീയ പ്രകടനത്തിന് ലയണല് മെസിയെ കുറ്റപ്പെടുത്താതെ പരിശീലകന് ജോര്ജ് സാംപോളി. അര്ജന്റീനയുടെ മോശം പ്രകടനത്തിന് ഉത്തരവാദി മെസിയല്ലെന്നും മറ്റ് ടീം അംഗങ്ങളാണെന്നും ക്രൊയേഷ്യക്കെതിരായ തോല്വിക്കുശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് സാംപോളി പറഞ്ഞു.
അര്ജന്റീനയുടെ പ്രതീക്ഷ മുഴുവന് എപ്പോഴും മെസിയെന്ന പ്രതിഭാസത്തിലാണ്. എന്നാല് മെസിയുമായി ഇഴുകിചേരാനോ മെസിയുടെ പ്രതിഭ വേണ്ടവിധം ഉപയോഗിക്കാനോ മറ്റു കളിക്കാര്ക്കാവുന്നില്ല.
അതുകൊണ്ടുതന്നെ ദേശീയ ടീമിനായി കളിക്കുമ്പോള് മെസി പലപ്പോഴും ഗ്രൗണ്ടില് കെട്ടിയിട്ടവനെപ്പോലെയാവുന്നു. അര്ജന്റീനയുടെ പരിശീലകരാവുന്നവരെല്ലാം ഈ സത്യം അംഗീകരിക്കാന് തയാറാവണം. പരിശീലകനെന്ന നിലയില് ഞാനിത് അംഗീകരിക്കുന്നു. ഇതിന് പരിഹാരം കണ്ടാലെ അര്ജന്റീനക്ക് മുന്നേറ്റം സാധ്യമാവു.
ക്രൊയേഷ്യക്കെതിരായ തോല്വിയുടെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. കാരണം ഈ മത്സരത്തിനായി മറ്റൊരു പദ്ധതി ഞാന് നടപ്പാക്കേണ്ടിയിരുന്നു. എങ്കില് മത്സരഫലം മറ്റൊന്നായേനെ. എന്റെ പദ്ധതികളെല്ലാം പാളിപ്പോയി. തോറ്റതില് എനിക്കും വേദനയുണ്ട്. എന്നാല് തോല്വിയില് ഗോള് കീപ്പര് കാബല്ലെറോയെ കുറ്റപ്പെടുത്താനില്ല. അവസാന മത്സരത്തില് കൈ മെയ് മറന്നു പൊരുതകയേ ഇനി വഴിയുള്ളൂവെന്നും സാംപോളി പറഞ്ഞു.
