ക്രൊയേഷ്യയോടുള്ള മത്സരത്തിൽ ലോകമണ്ടത്തരം കാട്ടി ഗോൾ വഴങ്ങിയ ഗോളി കബയേരൊ പുറത്തിരിക്കും

മോസ്കോ; നവാഗതരായ ഐസ്‍ലൻഡിനോട് സമനിലയും ക്രൊയേഷ്യയോട് തോൽവിയും പിണഞ്ഞ് നാണക്കേടിന്‍റെ പടുകുഴിയിലാണ് അർജന്‍റീന. ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ജയവും ഭാഗ്യവും കൂട്ടുവേണ്ട അവസ്ഥ. നൈജീരിയയെ നേരിടാൻ കോച്ച് സാംപോളി കരുതിവച്ച നിർണായക വിവരങ്ങളാണ് അർജന്‍റീന മാധ്യമം ക്യാമറയിൽ ഒപ്പിയെടുത്തത്.

ക്രൊയേഷ്യയോടുള്ള മത്സരത്തിൽ മണ്ടത്തരം കാട്ടി ഗോൾ വഴങ്ങിയ ഗോളി കബയേരൊ അടുത്തകളിക്ക് പുറത്തിരിക്കുമെന്നാണ് എഴുതി വച്ചിരിക്കുന്നത്. പകരം അർമാണി വലകാക്കും. ഡി മരിയ, റോഹോ, ഹിഗ്വൈയിൻ, ബനേഗ എന്നിവർക്ക് ആദ്യ ഇലവനിൽ ഇടം ലഭിക്കുമെന്നാണ് കുറിപ്പിലുള്ലത്. ഏഴുപേരുടെ രണ്ട് സംഘമാക്കിയാണ് ടീം പരിശീലനം നടത്തുന്നത്.

ഇതിൽ നിന്നാവും മികച്ച കോമ്പിനേഷൻ സാംപോളി കണ്ടെത്തുക. രണ്ടു സംഘത്തിലും കളിക്കുന്ന ഒരേ ഒരു താരം ലിയോണൽ മെസിയാണ്. പനാമയ്ക്കെതിരായ മത്സരത്തിനായി ഇംഗ്ലണ്ട് തയാറാക്കിയ പദ്ധതികൾ സമാന രീതിയിൽ ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയിരുന്നു.പിഴവ് പറ്റിയതിന് അസിസ്റ്റന്‍റ് കോച്ച് സ്റ്റീവൻ ഹോളണ്ട് മാപ്പുപറയുകയും ചെയ്തു. അതിനിടെ അർജന്‍റീന ടീമിന്‍റെ മോശം കളിയെ വിമർശിച്ച് ക്രൊയേഷ്യൻ താരം അന്‍റേ റെബിച്ച് രംഗത്തെത്തി.