ലോകകപ്പില്‍ അര്‍ജന്‍റീന- നെെജീരിയ പോരാട്ടം അ‍ഞ്ചാം വട്ടം

മോസ്കോ: കഴിഞ്ഞ വര്‍ഷം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട് പോയതാണ് അര്‍ജന്‍റീനയ്ക്ക് ലോക കിരീടം. ജര്‍മനിയാണ് എപ്പോഴും മെസിപ്പടയുടെ വില്ലന്മാരാകുന്നതെങ്കിലും ഇത്തവണ ഗ്രൂപ്പ് പോരാട്ടത്തില്‍ അര്‍ജന്‍റീന പേടിക്കുന്ന ഒരു ടീമുണ്ട്. ലോക ഫുട്ബോളില്‍ വലിയ മേല്‍വിലാസം ഒന്നുമില്ലെങ്കിലും അര്‍ജന്‍റീനക്കാര്‍ ചെറിയ ഭയത്തോടെയാണ് അവരെ കാണുന്നത്. കൂടാതെ, അവര്‍ ആറാം ലോകകപ്പിന് റഷ്യയിലെത്തുമ്പോള്‍ അതില്‍ അഞ്ചാം വട്ടമാണ് അര്‍ജന്‍റീന ഗ്രൂപ്പ് ഘട്ടത്തില്‍ എതിരാളികളായി വരുന്നത്.

ഇത്തവണ മെസിയെയും കൂട്ടാരെയും ഞെട്ടിക്കാന്‍ ഉറച്ചാണ് ആഫ്രിക്കന്‍ കരുത്തരായ നെെജീരിയയുടെ പടപ്പുറപ്പാട്. ആകെ എട്ട് വട്ടമാണ് അര്‍ജന്‍റീനയും നെെജീരിയയും ഏറ്റുമുട്ടിയിട്ടുള്ളത്. ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ അഞ്ചു വട്ടവും വിജയം കണ്ടപ്പോള്‍ നെെജീരിയക്ക് ജയിക്കാനായത് രണ്ട് വട്ടം മാത്രം. ഒരു മത്സരം സമനിലയിലായി. ലോകകപ്പിലെ ഇരു ടീമുകളുടെയും പോര് ആരംഭിക്കുന്നത് 1994ല്‍ ആണ്. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം അര്‍ജന്‍റീനയ്ക്കൊപ്പം നിന്നു. ഇടവേളയ്ക്ക് ശേഷം 2002ലും അവര്‍ ഏറ്റമുട്ടി.

സ്കോറിലല്ലാതെ പക്ഷേ ഫലത്തില്‍ മാറ്റമുണ്ടായില്ല. ആഫ്രിക്കയില്‍ ലോകകപ്പ് നടന്നപ്പോള്‍ 2010ല്‍ അടുത്ത മത്സരം എത്തി. പേടിപ്പിച്ചെങ്കിലും ഇത്തവണയും നെജീരിയക്ക് വിജയം നേടാന്‍ സാധിച്ചില്ല. കഴിഞ്ഞ തവണ ബ്രസീലിലും കളിയുടെ അവസാനം ചുണ്ടില്‍ ചിരി വിരിഞ്ഞത് മെസിയുടേതാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് അര്‍ജന്‍റീനയെ നെെജീരിയ മുക്കി. ആ കളി നടന്നത് റഷ്യയിലാണെന്നത് ആഫ്രിക്കന്‍ ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ ജൂണ്‍ 26നാണ് നെെജീരിയ-അര്‍ജന്‍റീന മത്സരം. ഐസ്‍ലാന്‍റ്, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഡി ഗ്രൂപ്പിലുള്ള മറ്റ് സംഘങ്ങള്‍.