Asianet News MalayalamAsianet News Malayalam

'ഷുക്കൂറിന്‍റേത് ആൾക്കൂട്ടക്കൊലപാതകം': സ്പീക്കർക്കെതിരെ ചെന്നിത്തല

ഷുക്കൂറിന്‍റെ ഫോട്ടോ കൊണ്ടുപോയി വീട്ടിൽ നിന്ന് വിളിച്ചിറക്കി, വയലിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തി, പാർട്ടി കോടതി നിർദേശപ്രകാരം വെട്ടിക്കൊല്ലുകയായിരുന്നു. - ചെന്നിത്തല.

ariyil shukoor was mob lynched says ramesh chennithala
Author
Thiruvananthapuram, First Published Feb 12, 2019, 11:51 AM IST

കോഴിക്കോട്: ഷുക്കൂർ വധക്കേസിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അരിയിൽ ഷുക്കൂറിന്‍റേത് ആൾക്കൂട്ടക്കൊലപാതകമാണ്. പ്രതിപക്ഷത്തിന് ഇക്കാര്യം ചർച്ച ചെയ്യണമെന്ന് സഭയിൽ ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

ഇത് ചർച്ച ചെയ്യേണ്ടെന്ന് സ്പീക്കർ നിലപാട് സ്വീകരിച്ചത് നി‍ർഭാഗ്യകരമാണ്. സ്പീക്കർ നീതി പൂർവമായി പെരുമാറിയില്ല. അരിയിൽ ഷുക്കൂറിന്റേത് ആൾക്കൂട്ടക്കൊലപാതകമാണ്. ഷുക്കൂർ ചെയ്ത കുറ്റമെന്താണ്? പി ജയരാജന്‍റെയും ടി വി രാജേഷിന്‍റെയും വാഹനം ആക്രമിച്ചതിന് ഷുക്കൂറെന്ത് പിഴച്ചു?

ഷുക്കൂറിന്‍റെ ഫോട്ടോ കൊണ്ടുപോയി വീട്ടിൽ നിന്ന് വിളിച്ചിറക്കി, വയലിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തി, പാർട്ടി കോടതി നിർദേശപ്രകാരം വെട്ടിക്കൊല്ലുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. 

ഒരു എംഎൽഎയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തപ്പെടുന്നത് ചില്ലറക്കാര്യമല്ല. അക്കാര്യം സഭയിൽ ച‍ർച്ച ചെയ്യുക തന്നെ വേണമെന്നും ചെന്നിത്തല വ്യക്തമാക്കി. 

അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടായിരുന്നു. ടി വി രാജേഷ് എംഎൽഎയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് സഭയിൽ ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തിൽ കുത്തിയിരിക്കുകയാണ് അംഗങ്ങൾ. 

എന്നാൽ കുറ്റപത്രങ്ങളുടെ പേരിൽ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പുള്ള സംഭവത്തിൽ ചർച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസിൽ കേസിന് സർക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങൾക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്‍റെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കർ പറഞ്ഞു.

ഇതോടെ സഭയിൽ ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎൽഎ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎൽഎയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുൻപ്രതിപക്ഷം കോടതി നടപടികൾ അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios