അലെപ്പോ: സിറിയയിലെ അലെപ്പോയിൽ പോരാട്ടം രൂക്ഷം. വെടിനിർത്തലിനുള്ള ഐക്യരാഷ്ട്രസഭ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതിന് പിന്നാലെ സിറിയൻ സേന മുന്നേറ്റം തുടരുകയാണ്. വിമതരുടെ പിടിയിലായിരുന്ന കിഴക്കൻ അലെപ്പോയിലെ പകുതിയിലേറെ പ്രദേശങ്ങളും സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി.

മൂന്നാഴ്ചയായി ശക്തമായ പോരാട്ടം തുടരുകയാണ് അലെപ്പോയിൽ. കിഴക്കൻ അലെപ്പോയിൽ വിമതരുടെ ശക്തികേന്ദ്രത്തിൽ നിന്ന് 800മീറ്റർ മാത്രം അകലെയാണ് സിറിയൻ സൈന്യം. കിഴക്കൻ അലെപ്പോയുടെ പകുതിയിലേറെ  പ്രദേശങ്ങളും സൈന്യത്തിന്‍റെയും സഖ്യസേനയുടെയും നിയന്ത്രണത്തിലായി. ക്വാദി അസ്കർ മേഖലയാണ് ഏറ്റവുമൊടുവിൽ പിടിച്ചെടുത്തത്. 

അൽ ഷാർ മേഖലയാകെ സൈന്യം വളഞ്ഞിരിക്കുകയാണ്. കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും ഒരേസമയം ആക്രമണം അഴിച്ചുവിട്ട് വിമതരെ പ്രതിരോധത്തിലാക്കുകയാണ് സേന. കിഴക്കൻ അലെപ്പോ പൂർണമായും കൈവിട്ടാൽ അഞ്ച് കൊല്ലത്തെ ആഭ്യന്തരയുദ്ധത്തിൽ വിമതർ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാകും അത്. 

വിതമർക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാൻ വെടിനിർത്തൽ സഹായിക്കുമെന്നാരോപിച്ചാണ് ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തത്. അമേരിക്കയുമായി കൂടുതൽ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ നിലപാടെടുക്കാനാകൂ എന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

വിമതരെല്ലാം പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയാൽ മാത്രമേ സാധാരണക്കാർക്ക് സഹായമെത്തിക്കാനായുള്ള വെടിനിർത്തലിന് അംഗീകാരം നൽകൂ എന്ന നിലപാടിലാണ് റഷ്യ. പോരാട്ടം രൂക്ഷമായ കഴിഞ്ഞ മൂന്നാഴ്ചകൾക്കിടെ 319പേരാണ് കിഴക്കൻ അലെപ്പോയിൽ മാത്രം മരിച്ചത്.