ബുലന്ദ്​ഷഹർ: ഗോവധം ആരോപിച്ച് നടന്ന കലാപത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത് ഇപ്പോഴും സര്‍വീസിലുള്ള സൈനികനാണ് എന്നാണ് പൊലീസിന് ലഭിച്ച സൂചന. ദേശീയ മാധ്യമങ്ങളാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്ന പൊലീസ് സംഘത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ജീത്തു ഫൗജി എന്ന് വിളിക്കപ്പെടുന്ന ജിതേന്ദ്ര മാലിക്ക് എന്ന സൈനികനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ പേര് ജീത്തു എന്നും, ഫൗജി എന്ന പേരിലും പൊലീസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ബുലന്ദ്​ഷഹരില്‍ കലാപം നടക്കുമ്പോള്‍ ഇയാള്‍ നാട്ടിലുണ്ടായിരുന്നുവെന്നും. കലാപത്തിന്‍റെതായി പൊലീസ് ശേഖരിച്ച വീഡിയോകളില്‍ ഇയാളുടെ സാന്നിധ്യം  വ്യക്തവുമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട് പിറ്റേന്ന് തന്നെ ഇയാള്‍ ജമ്മുകാശ്മീരിലെ തന്‍റെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി എന്നാണ് റിപ്പോര്‍ട്ട്. ജീത്തു കാര്‍ഗിലിലാണ് ജോലി ചെയ്യുന്നത് എന്നാണ് ഇയാളുടെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.

ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിച്ചേക്കുമെന്നും. ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നുമാണ് ചില പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ജീത്തുവിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം കലാപവും സുബോധ്​ കുമാർ സിങ്ങി​ന്‍റെ ​കൊലപാതകവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ അറസ്​റ്റിലായിട്ടുണ്ട്​. കഴിഞ്ഞ ഡിസംബര്‍ 3നാണ് ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്​​ പ്രതിഷേധക്കാർ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടറെ അക്രമികൾ പിന്തുടർന്ന്​ വെടിവെച്ചു കൊല്ലുകയായിരുന്നു.

സുബോധ് സിംഗിന്‍റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു ആക്രമണ ശേഷം. അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ അത്യസന്ന നിലയിലാണ്.

ഒരു ടാറ്റാ സുമോ കാറില്‍ സുബോധ് സിംഗിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാമായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 2015-ലെ അഖ്ലാക് വധം അന്വേഷിച്ച ഉ​ദ്യോ​ഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിങ്.