ദില്ലി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന കോടതി വിധിയെ തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. കൂടുതല്‍ മേഖലകളില്‍ സൈന്യത്തെ നിയോഗിച്ചു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നതതല യോഗം ചേരും.

ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ സി.ബി.ഐ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ഇന്നലെ വ്യാപക അക്രമങ്ങളാണ് നാല് സംസ്ഥാനങ്ങളില്‍ അരങ്ങേറിയത്. ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. ഹരിയാനയിലെ പല സ്ഥലങ്ങളിലും രാത്രി വൈകിയും അക്രമങ്ങള്‍ തുടര്‍ന്നു. വാഹനങ്ങള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീവെച്ചു. ദില്ലിയില്‍ ഇന്നലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന റേവ എക്‌സ്‌പ്രസ്സ് തീവണ്ടിക്ക് അക്രമികള്‍ തീവെച്ചിരുന്നു. ദില്ലിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലും നിരോധനാജ്ഞയുണ്ട്. 

അക്രമം നടന്ന സ്ഥലങ്ങള്‍ ഇന്നലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ടു. ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്, ആഭ്യന്തര സെക്രട്ടറി എന്നിവരില്‍ നിന്ന് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തു. അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത് ദുഃഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ കൂടുതല്‍ മേഖലകളില്‍ കരസേനയെ നിയോഗിച്ചു. ദേര സച്ച സൗദയുടെ ആസ്ഥാനമുള്ള സിര്‍സയിലും പഞ്ചാബിലെ മന്‍സയിലും കരസേന രാത്രി ഫ്ളാഗ് മാര്‍ച്ച് നടത്തി.