റോഡരുകില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും മോഷ്‌ടിക്കുന്ന സംഘം തൃശൂര്‍ ചാലക്കുടിയില്‍ അറസ്റ്റിലായി. ഉത്തരേന്ത്യക്കാരായ രണ്ടു പേരാണ് തൊണ്ടി സാധനങ്ങളോടെ ചാലക്കുടി പൊലീസിന്‍റെ പിടിയിലായത്.
സൈനിക വാഹനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ലോറിയിലെത്തിയാണ് സംഘം മോഷണം നടത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് സാധനങ്ങളുമായി കേരളത്തിലെത്തി തിരിച്ചു പോകുമ്പോള്‍ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും ഇന്ധനവും മോഷ്‌ടിക്കുകയാണ് പതിവ്. ഇത്തരത്തില്‍ മോഷണം നടത്തുന്ന നാലംഗ സംഘത്തിലെ രണ്ടു പേരെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുതുക്കാട് സ്വദേശിയുടെ ലോറിയുടെ ടയറുകള്‍ മോഷണം പോയ കേസ് അന്വേഷിക്കുന്നതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് മോഷ്‌ടാക്കള്‍ കുടുങ്ങിയത്. പരിശോധനയ്‌ക്കായി പേരാമ്പ്രയിലെത്തിയ ചാലക്കുടി പൊലീസ് നാലംഗ സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച രണ്ട് ലോറികളും പൊലീസ് പിടിച്ചെടുത്തു. മോഷ്‌ടിച്ച ടയറുകള്‍, ബാറ്ററികള്‍, ഡീസല്‍ ഊറ്റിയെടുക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍,കന്നാസുകള്‍ തുടങ്ങിയവ ലോറികളില്‍ നിന്നും കണ്ടെത്തി. ഒരു തവണ കേരളത്തിലെത്തുമ്പോള്‍ ഇരുപത്തിയഞ്ചോളം വാഹനങ്ങളില്‍ മോഷണം നടത്താറുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘം മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
