ആഡംബര കാറില്‍ ചന്ദനം കടത്തുന്നതിനിടെ യുവാവ് വനം വകുപ്പധികൃതരുടെ പിടിയിലായി. മുട്ടികളും ചീളുകളുമായാണ് ചന്ദനം കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്നത്.

പൂക്കോട്ടൂര്‍ സ്വദേശി ഫൈസലാണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ പതിനഞ്ച് കിലോ ചന്ദനം കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്നാണ് വനം വകുപ്പ് മഞ്ചേരിയില്‍ വച്ച് കാര്‍ പരിശോധിച്ചത്.

വനം വകുപ്പിന്‍റെ പരിശോധനയില്‍ ചന്ദനമരംമുറിച്ചിട്ട് ദിവസങ്ങള് മാത്രമേ ആയിട്ടുള്ളൂവെന്ന് കണ്ടെത്തി.മുട്ടികളും ചീളുകളും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല.മഞ്ചേരി ബൈപ്പാസ് റോഡില്‍ മൊയ്തീൻ കുട്ടിയെന്നയാളില്‍ നിന്നും വാങ്ങിയതാണ് ചന്ദനമെന്നാണ് ഫൈസല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള മൊഴി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.