അന്താരാഷ്‍ട്ര വിപണിയിൽ അഞ്ച് കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി അഞ്ച് അംഗ സംഘം പൊലിസ് പിടിയിലായി. മലപ്പുറം അരീക്കോട്ട് പിടിയിലായ രണ്ട് മലയാളികളും മൂന്ന് തമിഴ്‍നാടു സ്വദേശികളുമടങ്ങുന്ന സംഘത്തിന് അന്താരാഷ്‍ട്രമയക്കുമരുന്നു ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അന്താരാഷ്‍ട്ര വിപണിയില്‍ ഒരു മില്ലിഗ്രാമിന് 2000 രൂപയിലധികം വിലവരുന്ന മീതലീന്‍ ഡയോക്സി ആംഫിറ്റമിന്‍ അഥവാ എംഡിഎ എന്ന മയക്കു മരുന്നാണ് പിടികൂടിയത്. 760 ഗ്രാം എംഡിഎയുമായ് മുക്കം സ്വദേശി മജീദ്, ഇടുക്കി സ്വദേശി പയസ്‌ മാത്യു, കൊടൈക്കനാല്‍ സ്വദേശി, റഫീഖ് രാജ, തൃശ്‍നാപ്പള്ളി സ്വദേശി ജഗൻ, ഡിണ്ടിഗല്‍ സ്വദേശി ഗുണശേഖരൻ എന്നിവരാണ് പിടിയിലായത്.

 2016 ഡിസംബർ മാസം മുംബയിൽ നിന്ന് കേരളത്തിലേക്ക് ഇതേ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശി മുജീബ്‌റഹ്‍മാനെ പ്രതേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള വൻ മയക്കുമരുന്ന് മാഫിയയെ കുറിച്ച് വിവരം ലഭിച്ചത്.

അഫ്ഗാനിസ്ഥാനിൽ നിർമിച്ച് ശ്രീലങ്ക വഴി തമിഴ്‍നാട്, തൂത്തുക്കുടി തുറമുഖം വഴിയാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ, മെട്രോപൊളിറ്റൻ സിറ്റികൾ ഡാന്‍സ് ബാറുകൾ, പ്രൊഫെഷണൽ കോളേജുകൾ, എന്നിവിടങ്ങളിൽ ഏജന്റുമാരെ വെച്ച് വിതരണം നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം മയക്കുമരുന്നിന്റെ ഇടപാട് നടക്കുന്ന വിവരം പൊലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റയ്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം അരീക്കോട് എസ്ഐ സിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.