മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തെളിവുകൾ ഉണ്ടെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാ‍ർ. ആഭ്യന്തരസഹമന്ത്രി ദീപക്ക് കേസർക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഗൂഢാലോചന എന്ന് ആരോപണം 

മുംബൈ: മവോയിസ്റ്റ് ബന്ധം ആരോപിച്ച് , പൗരാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാർ. എല്ലാ കേസുകളിലെയും പോലെ കൃതൃമായ തെളിവുകൾ ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയിൽ നൽകുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക്ക് കേസർക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമം, അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുകയാണ്.

അറസ്റ്റുകൾക്കെതിരെ സുപ്രീംകോടതിയിൽ നിന്ന് അടക്കം ശക്തമായ വിമർശനം ഉയരുമ്പോളാണ് മഹാരാഷ്ട്ര സർക്കാർ നിലപാട് ആവർത്തിക്കുന്നത്. തുടർഅന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.അറസ്റ്റിലായവരുടെ, മാവോയിസ്റ്റ് ബന്ധം തെളിക്കുന്ന രേഖകൾ കിട്ടിയെന്നും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം അറസ്റ്റിലായവർക്കതിരെ തെളിവുകളില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകൻ വെർണൺ ഗോൽസാവിന്റെ ഭാര്യയും മലയാളിയുമായ സൂസൻ എബ്രഹാം പറഞ്ഞു. കേന്ദ്ര സർക്കാരിനെ ഉയരുന്ന ജനവികാരം വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് അറസ്റ്റ് നാടകമെന്നും ആരോപണമുണ്ട്.