തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സന്നദ്ധ സേവന കൂട്ടായ്മയായ സ്പര്‍ശവും ആര്‍ട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്ര-കലാ പ്രദര്‍ശനമായ ആര്‍ദ്ര സ്പര്‍ശം ഒക്‌ടോബര്‍ 19 മുതല്‍ 22 വരെ പാളയം മ്യൂസിയം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നു. 19-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പ്രശസ്ത എഡിറ്റര്‍ ബീന പോള്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു.

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പര്‍ശം ചാരിറ്റിബിള്‍ സൊസൈറ്റിയുടെ ധനസമാഹരണാര്‍ത്ഥമാണ് ഈ ചിത്ര പ്രദര്‍ശനം നടത്തുന്നത്. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും വരച്ച നൂറോളം ചിത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നു. 2006ല്‍ ആരംഭിച്ച സ്‌പര്‍ശം ചാരിറ്റിബിള്‍ സൊസൈറ്റി ആശുപത്രിയിലെ ആലംബഹീനരായ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും മറ്റ് ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള ഒരു സേവന സംരഭമാണ്.

 വെള്ളിയാഴ്ച മുതല്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.