ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീരുവെന്നും മനോരോഗിയെന്നും വിളിച്ചതിനു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ കേസെടുക്കാനാവില്ലെന്നു ദില്ലി കോടതി. മോദിക്കെതിരേയുള്ള പ്രസ്താവന അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി അനുഭാവിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളിയാണു കോടതി ഉത്തരവ്. 

പ്രസ്താവനകൊണ്ടു പരാതിക്കാരനെ നോവിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും തന്‍റെയും ഓഫീസുകള്‍ സിബിഐ റെയ്ഡ് ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവാണെന്നും മനോരോഗിയാണെന്നും ആക്ഷേപിച്ച് അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്. 

തന്നെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനു ഭീരുത്വമായ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേ ദില്ലിയിലെ അഭിഭാഷകനായ പ്രദീപ് ദ്വിവേദി എന്നയാളാണ് കോടതിയെ സമീപിച്ചത്. പ്രസ്താവനയിലൂടെ കെജ്രിവാള്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രിക്കെതിരേ വിദ്വേഷം പ്രചരിപ്പിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.