ദില്ലി: ദില്ലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഇന്നുരാവിലെയാണ് കേരള ഹൗസില്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നത്. സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചെന്നും മാധ്യമങ്ങളോട് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും അതേസമയം കൂടുതല്‍ കാര്യങ്ങള്‍ തമ്മില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയനും വിശദമാക്കി. ദില്ലിയിലെ ഗവണ്‍മെന്‍റിനെ ഗവണ്‍മെന്റായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

സംസ്ഥാനങ്ങളുടെ അധികാരം കവരാനുളള ശ്രമങ്ങളോട് യോജിക്കാനാവില്ല. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചത് കൊണ്ട് കാര്യമില്ല. അതാണ് നിലവിലെ ഇന്ത്യയുടെ അവസ്ഥയില്‍ നമ്മള്‍ കാണുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് പോയത് ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു. 

മതനിരപേക്ഷ ശക്തികളുമായി സഖ്യമുണ്ടാക്കാന്‍ സിപിഐഎമ്മിന് എപ്പോഴും താത്പര്യം തന്നെയാണെന്നും ഡല്‍ഹിയോടുളള കേന്ദ്രത്തിന്‍റെ സമീപനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.