അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ ബന്ധു അറസ്റ്റില്‍

ദില്ലി: അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ബന്ധു അറസ്റ്റില്‍. കെജ്രിവാളിന്‍റെ ഭാര്യ സഹോദരന്‍ വിനയ് ബന്‍സാലിയുടെ മകനെയാണ് ദില്ലി ആന്‍റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. പൊതുമരാമത്തിന്റെ റോഡ്, അഴുക്കുചാല്‍ നിര്‍മാണത്തില്‍ ക്രമക്കേട് വരുത്തിയ കേസിലാണ് അറസ്റ്റ്. ബന്‍സാല്‍ അംഗമായ റെനു കണ്‍സ്ട്രക്ഷനാണ് തട്ടിപ്പ് നടത്തിയത്. മതിപ്പ് ചിലവ് പ്രതീക്ഷിച്ചിരുന്ന 4,90,000 രൂപയില്‍ നിന്ന് 46 ശതമാനം കുറച്ചാണ് റെനു നിര്‍മാണ് കമ്പനിക്ക് നല്‍കിയതെന്നും അതുകൊണ്ട് തന്നെ പ്രവൃത്തികളുടെ ഗുണമേന്മ കുറവായിരിക്കുമെന്നും ചൂണ്ടിക്കാട്ടി റോഡ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ഓര്‍ഗനൈസേഷന്റെ മേധാവി രാഹുല്‍ ശര്‍മയാണ് പരാതി നല്‍കിയത്‌. 

ബന്‍സാലിന്റെ നിര്‍മാണ കമ്പനിക്ക് ചട്ടം ലംഘിച്ച് ടെന്‍ഡര്‍ നല്‍കിയതിന് കഴിഞ്ഞ വര്‍ഷം മേയില്‍ ആന്‍റി കറപ്ഷന്‍ ബ്യൂറോ അരവിന്ദ് കേജ്‌രിവാളിനും മറ്റുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. ഷീല ദീക്ഷിത് ദില്ലി മുഖ്യമന്ത്രിയായപ്പോൾ 400 കോടി രൂപ ചെലവിൽ ദില്ലി ജലബോര്‍ഡിൽ സ്റ്റീൽ വാട്ടര്‍ ടാങ്ക് വാങ്ങുന്നതിൽ ക്രമക്കേട് നടന്നെന്ന കേസിൽ അന്വേഷണം അട്ടിമറിക്കാൻ കരാര്‍ കന്പനിയിൽ നിന്ന് കെജ്‍രിവാൾ കോഴ വാങ്ങിയെന്നാണ് കപിൽ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ കെജ്‍രിവാളിന് നൽകിയ രണ്ട് കോടി രൂപയുടെ കോഴ വിഹിതത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കപിൽ മിശ്ര അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നൽകി.