വഞ്ചിയൂരിൽ കൗൺസിലറായിരുന്ന ഗായത്രി ബാബു തെരഞ്ഞെടുപ്പ് തോൽവിയിൽ ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്‍റെ കനത്ത തോൽവിക്ക് പിന്നാലെയുളള വിമർശനങ്ങളിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നായിരുന്നു ജനങ്ങൾക്കൊപ്പമുളള ചിത്രങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി ആര്യയുടെ വാചകം. തോൽവിക്ക് കാരണം മേയർ ജനകീയത ഇല്ലാതാക്കിയതെന്ന് സിപിഎം കൗൺസിലറായിരുന്ന ഗായത്രി ബാബു വിമർശിച്ചിരുന്നു. സാധാരണക്കാരെ കേൾക്കാൻ മേയർ തയ്യാറായില്ലെന്നും അധികാരത്തിൽ താഴെയുളളവരോട് പുച്ഛമാണെന്നുമാണ് ഗായത്രി ഫേസ്ബുക്കിൽ കുറിച്ചത്. സമൂഹമാധ്യമങ്ങളിലും ആര്യയുടെ നേതൃത്വത്തിനെതിരെ പരിഹാസവും വിമർശനവും തുടരുമ്പോഴാണ് പ്രതികരണം.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എൽഡിഎഫിന്‍റെ കനത്ത തോൽവിയിൽ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു രം​ഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബു വിമര്‍ശനം ഉന്നയിച്ചത്. എൽഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയായിരുന്നു മേയറുടെ പേരോ സ്ഥാനമോ എടുത്തു പറയാതെയുള്ള വിമര്‍ശനം. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതിയിൽ വഞ്ചിയൂര്‍ വാര്‍ഡിൽ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു.