Asianet News MalayalamAsianet News Malayalam

സുപ്രീംകോടതി വിധി നടപ്പാക്കി കേരളം; 1973 മദ്യശാലകൾ പൂട്ടി

As booze shops along highways go dry states stare at massive losses
Author
New Delhi, First Published Apr 3, 2017, 1:00 AM IST

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്ത് പൂർണ്ണമായും നടപ്പാക്കി. കോടതി ഉത്തരവിന്റെ പരിധിയിൽ പെടുന്ന 1973 മദ്യശാലകൾ ഇതിനകം പൂട്ടി. തുറന്നിരിക്കുന്ന ഔട്ട് ലെറ്റുകളിൽ വൻ തിരക്ക് കാരണം കൂടുതൽ കൗണ്ടറുകൾ തുടങ്ങാൻ ബൈവ്കോ ആലോചിക്കുന്നുണ്ട്.

ദേശീയ-സംസ്ഥാന പാതയോരത്തിന്‍റെ 500 മീറ്റർ ചുറ്റളവിലെ മദ്യശാലകളാണ് രണ്ട് ദിവസം കൊണ്ട് അടച്ചുപൂട്ടിയത്. 11 ഫൈവ് സ്റ്റാർ ഹോട്ടലിലെ ബാറുകൾ, 19 ക്ലബുകളിലെ ബാറുകൾ, 591 ബീർ-വൈൻ പാർലറുകൾ,1145 കള്ള് ഷാപ്പുകൾ, 207 ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ അടക്കം ആകെ 1973 മദ്യശാലുകൾക്ക് താഴു വീണു. 

ഇനി സംസ്ഥാനത്ത് ബാക്കിയുള്ളത് 11 ഫൈവ് സ്റ്റാർ ബാറുകളും 16 ക്ലബുകളും 224 ബീർ-വൈൻ പാർലറുകളും 4053 കള്ള് ഷാപ്പുകളും 99 ബെവ്കോ -കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും മാത്രം. ഇതിൽ പൂട്ടിയ 207 ഔട്ട് ലെറ്റുകൾ മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് ബെവ്കോ..പക്ഷെ ജനരോഷമാണ് എല്ലായിടത്തും. 40 ഔട്ട് ലെറ്റുകൾക്ക്  പകരം സ്ഥലം കണ്ടെത്തിയെങ്കിലും പ്രതിഷേധമാണ് വെല്ലുവിളി. 

തുറന്നിരിക്കുന്ന ഔട്ട് ലെറ്റുകളിൽ വൻ തിരക്കാണ്. പൂട്ടിയ മദ്യശാലകളിലെ ജീവനക്കാരെ തുറന്നിരിക്കുന്ന മദ്യശാലകളിലേക്ക് മാറ്റുന്നത് ആലോചിക്കുന്നുണ്ട്. തിരക്ക് കണക്കിലെടുത്താണ് തുറന്നിരിക്കുന്ന ഔട്ട് ലെറ്റുകളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കാൻ ബെവ്കോയുടെ നീക്കം. കടുത്ത വരുമാന നഷ്ടമുണ്ടെങ്കിലും ബദൽ മാർഗ്ഗങ്ങൾ സർക്കാറിന് മുന്നിൽ കുറവാണ്. 

സുപ്രീം കോടതിയെ വീണ്ടും സമീപിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് നിയമവകുപ്പുമായി എക്സൈസ് വകുപ്പ് ആലോചിക്കുന്നുണ്ടെങ്കിലും കേരളത്തിന് മാത്രമായി ഇനിയൊരു ഇളവ് കിട്ടാനിടയില്ല. ചില സംസ്ഥാനങ്ങളെ പോലെ സംസ്ഥാന പാതകൾ ജില്ലാപാതകളാക്കി പുനർ നിശ്ചയിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ജനം എതിരാകുമെന്നാണ് സർക്കാറിന് മുന്നിലെ പേടി.

Follow Us:
Download App:
  • android
  • ios