തിരുവനന്തപുരം: ശ്രീകാര്യത്ത് ശനിയാഴ്ച ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയെന്നു പോലീസ്. മജിസ്ട്രേറ്റ് മുന്പാകെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്.
പ്രാദേശികമായി ഉണ്ടായ സിപിഎം-ബിജെപി രാഷ്ട്രീയ സംഘർഷങ്ങളും പാച്ചക്കുന്നിലുണ്ടായ സംഘർഷവും കൊലയ്ക്കു കാരണമായെന്നും സിപിഎം-ബിജെപി തർക്കം പ്രദേശത്തു നിലനിന്നിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട രാജേഷും പ്രധാനപ്രതി മണിക്കുട്ടനും തമ്മിൽ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ചും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
നേരത്തെ, പോലീസ് എഫ്ഐആറിലും സമാന പരാമർശങ്ങളാണുണ്ടായിരുന്നത്. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിനോട് കേസിലെ പ്രധാന പ്രതിയായ മണികണ്ഠന് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. തന്നെ ചില കേസുകളിൽ പെടുത്താൻ രാജേഷ് ശ്രമിച്ചുവെന്നും ഇതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
രാജേഷിനെ വധിക്കാൻ ദീർഘനാളായി ഗൂഢാലോചന നടത്തിവരികയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഞായറാഴ്ച പറഞ്ഞിരുന്നു.
