മേവാനിയെ ഒരു സ്ഥലം വരെ കൊണ്ടുപോകുകയാണെന്നും, കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞാണ് ഗുജറാത്ത് പോലീസ് സംഘം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്. ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് സഹോദരന്‍ സാക്ഷിയാണ്. എവിടേക്കാണ് മേവാനിയെ കൊണ്ടുപോകുന്നത് എന്ന സഹോദരന്‍റെ ചോദ്യത്തിന് തങ്ങളുടെ ജോലി തടസ്സപ്പെടുത്തരുതെന്നാണ് പോലീസ് മറുപടി പറഞ്ഞത്. 

മേവാനിയെ അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. ബിജെപി സർക്കാറിന്‍റെ ദളിത് വിരുദ്ധ നയങ്ങൾക്കെതിരെ സമരം നയിക്കുന്ന മേവാനിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ തടങ്കലിൽ ആക്കിയിരിക്കുകയാണെന്നാണ് ദളിത് സമരനേതാക്കൾ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ 66ആം പിറന്നാൾ ആഘോഷത്തിനായി ഗുജറാത്തിൽ എത്തിയിരിക്കുകയാണ്. ലിംകേഡ ആദിവാസി ഗ്രമത്തിലും നവസാരിയിലുമാണ് മോദിയുടെ ജൻമദിനാഘോഷ പരിപാടി. 

മോദി ഗുജറാത്തിലെത്തിയ പശ്ചാത്തലത്തിലാണ് മേവാനിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് ദളിത് സമരസമിതി നേതാക്കൾ ആരോപിക്കുന്നു. ഗുജറാത്തിലെ ഉനയിൽ പശുവിനെ കൊന്ന് തൊലിയുരിച്ചെന്നാരോപിച്ച് യുവാക്കളെ മർദിച്ചതിനെതിരെ ഉയർന്നുവന്ന ദളിത് പ്രക്ഷോഭത്തിന്‍റെ അമരക്കാരനാണ് ജിഗ്നേഷ് മേവാനി. 

ഓരോ ദളിത് കുടുംബത്തിനും അഞ്ചേക്കർ ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ഒക്ടോബർ ഒന്നുമുതൽ ഗുജറാത്തിൽ ട്രെയിൻ തടയൽ സമരം തുടങ്ങുമെന്ന് മേവാനി പ്രഖ്യാപിച്ചിട്ടുണ്ട്.