ന്യൂയോര്‍ക്ക്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കുന്ന ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടാകും. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. തീവ്ര ദേശീയവാദികളായ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസിൽ വച്ചാണ് നടക്കുന്നത്.
ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയ ശേഷം മോദിയുടെ ആദ്യ യുഎസ് യാത്രയാണിത്. മോദിയുടെ നാലാമത്തെ യുഎസ് സന്ദർശനം. യുഎസുമായുള്ള ബന്ധങ്ങൾ ആഴത്തിൽ ഊട്ടിയുറപ്പിക്കുന്നതിനാണു യാത്ര എന്നാണു മോദി ട്വിറ്ററിൽ കുറിച്ചത്. ഇന്നുതന്നെ പ്രമുഖ വ്യവസായികളുമായി മോദി ചർച്ച നടത്തും. മേക്ക് ഇൻ ഇന്ത്യയെപ്പറ്റിയും പറയും. ഇന്ത്യയിൽ നിക്ഷേപത്തിനു ക്ഷണിക്കും.
ആപ്പിളിന്റെ ടിം കുക്ക്, വാൾമാർട്ടിന്റെ ഡഗ് മക്മില്ലൻ, കാറ്റർപില്ലറിന്റെ ജിം അംപിൾ ബി, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നഡെല്ല തുടങ്ങി 19 സിഇഒമാർ പങ്കെടുക്കും. വൈറ്റ് ഹൗസിനടുത്തുള്ള വില്ലാർഡ് ഇന്റർകോണ്ടിനന്റലിലാണ് ഒന്നര മണിക്കൂറുള്ള കൂടിക്കാഴ്ച.
