അഷ്ടമിരോഹിണി നാളില്‍ പിറന്നാള്‍ സദ്യ കഴിക്കാന്‍ ഭക്തര്‍ക്ക് ഒപ്പം ഭഗവാനും എത്തുന്നു എന്നാണ് വിശ്വാസം. അന്‍പത് പള്ളിയോടകരക്കാര്‍ കൂടാതെ നിരവധിപേരാണ് പിറന്നാള്‍ സദ്യ കഴിക്കാന്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തിയത്. പതിനൊന്ന് മണി കഴിഞ്ഞതോട ക്ഷേത്രസന്നിധിയില്‍ പള്ളിയോടങ്ങളില്‍ കരക്കാര്‍ എത്തിതുടങ്ങി. കൃഷ്ണഭക്തി നിറഞ്ഞു നില്‍ക്കുന്ന വഞ്ചിപ്പാട്ട് പാടി ക്ഷേത്രം വലംവച്ചു.

എന്‍ എസ്സ് എസ്സ് പ്രസിഡന്റ് റ്റി എന്‍ നരേന്ദ്രനാഥന്‍ നായര്‍ നെയ്യ് വിളക്ക് തെളിച്ചു. വിഭവങ്ങള്‍ വിളമ്പി. ഇതോടെ ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യക്ക് തുടക്കമായി. പള്ളിയോടകരക്കാര്‍ക്ക്, ഭക്തര്‍ക്കും ക്ഷോത്രമുറ്റത്ത് തന്നെ സദ്യകഴിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. വള്ളസദ്യക്ക് വിളമ്പുന്ന എല്ലാവിഭവങ്ങളും അഷ്ടമിരോഹിണി സദ്യക്കായി ഒരുക്കിയിരുന്നു. തിരക്ക് കണക്കിലെടുത്ത് സുരക്ഷാക്രമികരണങ്ങളും ശക്തമാക്കിയിരുന്നു. പള്ളിയോടങ്ങളിലെത്തിയ കരക്കാര്‍ പമ്പായറ്റില്‍ ഒരുമിച്ച് പള്ളിയോടങ്ങള്‍ തുഴഞ്ഞ് ജലമേള നടത്തിയശേഷമാണ് സദ്യയില്‍ പങ്കെടുക്കാന്‍ എത്തിയത്.