ആഗ്ര: താജ് മഹലില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആലോചിക്കുന്നു. നിലവില്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും നല്‍കുന്ന പ്രവേശന ടിക്കറ്റുകളുടെ എണ്ണം പ്രതിദിനം 30,000 ആക്കി പരിമിതപ്പെടുത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. നിലവില്‍ 15 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമില്ല. ഇവരുടെ എണ്ണം കൂടി പരിശോധിക്കാനായി കുട്ടികള്‍ക്ക് പണം വാങ്ങാത്ത ടിക്കറ്റുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ആര്‍ക്കിയോളജി വകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുൂ. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി, താജ്മഹല്‍ ഉള്‍പ്പെടുന്ന ആഗ്ര ജില്ലാ ഭരണകൂടം, സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കുന്ന തീരുമാനം അംഗീകരിച്ചിരുന്നു. തിരക്കുള്ള ദിവസങ്ങളില്‍ 60,000 മുതല്‍ 70,000 സന്ദര്‍ശകര്‍ വരെ താജിലെത്താറുണ്ട്. സന്ദര്‍ശക ബാഹുല്യം താജിന് പരിക്കേല്‍പ്പിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് എണ്ണം കുറയ്ക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത്.