കോഴിക്കോട്: ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ മകളുടെ പഠന ചെലവ് സാമൂഹിക സുരക്ഷ മിഷന്‍ ഏറ്റെടുക്കുമെന്ന് സാമൂഹിക നീതിവകുപ്പ് മന്ത്രി കെ.കെ.ശൈലജ. ജോയിയുടെ മൂന്നാമത്തെ മകളുടെ തുടര്‍പഠനം അനിശ്ചതത്തിലായെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി കുടുംബത്തെ നേരിട്ട വിളിക്കുകയും പഠനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
സാമ്പത്തിക ബാധ്യത മൂലം ഭാരിച്ച വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തതാണ് ഇളയമകള്‍ അമലു തുടര്‍പഠനമുപേക്ഷിക്കാന്‍ കാരണമെന്ന് ജോയിയുടെ ഭാര്യ മോളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്നായിരുന്നു ജോയിയുടെ സ്വപ്നമെന്നും ഭാര്യ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് മക്കളും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി. വായ്പയെടുത്താണ് രണ്ട് പേരുടെയും വിദ്യാഭ്യാസം നടത്തിയത്.
ജോയിയുടെ താല്‍പര്യ പ്രകാരം തന്നെയാണ് ഇളയമകള്‍ അമലുവിനെ എംഎസ്ഡബ്ല്യൂ പഠനത്തിനായി ബംഗലുരൂവിലേക്കയച്ചത്. ഭാരിച്ച ചെലവായിരുന്നെങ്കിലും എങ്ങിനെയെങ്കിലുമൊക്കെ നടന്നു പോകുമെന്ന ആത്മവിശ്വാസം ജോയിക്കുണ്ടായിരുന്നുവെന്ന് മോളി പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യയോടെ എല്ലാം തകിടം മറിഞ്ഞു. ഹോസ്റ്റല്‍ ഫീസടക്കം ഒരു വര്‍ഷം 80000 ത്തോളം രൂപ വേണ്ടിവരും. അതിനുള്ള വഴി മുന്‍പിലില്ലെന്നും പഠനം ഉപേക്ഷിക്കുകയാണെന്നായിരുന്നു മോളി പറഞ്ഞത്.
പതിനാറ് ലക്ഷത്തോളം രൂപയാണ് കുടുംബത്തിന്റെ ബാധ്യത. പഠനാവശ്യത്തിനെടുത്ത വായ്പകളും, രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി വായപയെടുത്ത തുകയും ചേര്‍ത്തുള്ള സംഖ്യയാണിത്. 80 സെന്‍റ് വിറ്റ് ബാധ്യത തീര്‍ക്കുകയായിരുന്നു ജോയിയുടെ ലക്ഷ്യം. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.
