ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് ബിജെപി അസം സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍ വിവാദമാകുന്നു.  ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. റിപ്പബ്ലിക് ദിനത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തിയ ശേഷം നല്‍കിയ വിശദീകരണത്തിലാണ് ബിജെപി അസം സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ദാസ് ദേശീയപതാകയെ അടിവസ്ത്രത്തോട് താരതമ്യം ചെയ്തത്.

ദേശീയ പതാക തലകീഴായാണ് ഉയര്‍ത്തിയതെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ചടങ്ങിന്‍റെ ചുമതലയുള്ള വ്യക്തിയോട് ഞാന്‍ ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ച അദ്ദേഹം അടിവസ്ത്രം തലതിരിച്ച് ചിലപ്പോള്‍ ഉണങ്ങാന്‍ ഇടാറുള്ളതുപോലെയുള്ള അബദ്ധമാണ് ഇവിടെയും സംഭവിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു - സംഭവത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ദാസ് ഇങ്ങനെ മറുപടി നല്‍കിയതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

എന്നാല്‍ ബോധപൂര്‍വ്വം വരുത്തിയ ഒരു പിഴവല്ല ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതെന്നും തെറ്റ് കണ്ടെത്തിയ ഉടന്‍ തന്നെ തിരുത്തിയതായും ദാസ് കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തന്‍റെ പേരിലാക്കി ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും രഞ്ജിത് ദാസ് പിന്നീട് കുറ്റപ്പെടുത്തി.