ഗുവാഹത്തി: ആസാമില്‍ തുടരുന്ന മണ്‍സൂണ്‍ മഴ കനത്ത നാശം വിതയ്ക്കുന്നു. സംസ്ഥാനത്തെ 25 ജില്ലകളെ ദുരിതത്തിലാഴ്ത്തിയ പ്രളയം മൂന്ന് ജീവന്‍ കൂടി കവര്‍ന്നു. ഇതോടെ ആസാം പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. മോറിഗോമില്‍ രണ്ട് പേരും ഗോലാഘട്ടില്‍ ഒരാളും മരണമടഞ്ഞതായി ആസാം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 3192 ഗ്രാമങ്ങളിലെ 1.79 ലക്ഷം ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാണ്.

സംസ്ഥാനത്തെ 31.59 ലക്ഷം ജനങ്ങളെ പ്രളയം നേരിട്ടു ബാധിച്ചു. ദുബ്രിയിലാണ് പ്രളയം ഏറ്റവും കൂടുതല്‍‍ നാശം വിതച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ആസാമിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. 22 ട്രെയിനുകള്‍ സര്‍വ്വീസ് നിര്‍ത്തുകയും 14 ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയുമാണ്.

ദുരന്തത്തെ നേരിടാന്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി 556 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2000ലധികം ആളുകളെ ദുരിത നിവാരണ അതോറിറ്റിയും സൈന്യവും ചേര്‍ന്ന് രക്ഷപെടുത്തി. കരിസിംഗ ദേശീയോദ്യാനം, പോബിത്തോറ വന്യജീവി സങ്കേതം, ലോക്വ വന്യജീവി സങ്കേതം എന്നിവയെ പ്രളയം ബാധിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആസാം സര്‍ക്കാര്‍ ബീഹാറിന്‍റെ സഹായം തേടി.