തിരുവനന്തപുരം: വയല്‍ നികത്തല്‍ സാധൂകരണം പിന്‍വലിച്ച് കൊണ്ടുള്ള ഭേദഗതി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെ തയ്യാറാക്കിയ കരടില്‍ തിരുത്ത് വരുത്തിയാണ് റവന്യൂ മന്ത്രി ഭേദഗതി അവതരിപ്പിക്കുക. നിലവില്‍ സാധൂകരണത്തിനായി അപേക്ഷിച്ച 93,000പേരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല എന്ന തിരുത്താണ് പുതുതായി കൊണ്ടുവരുന്നത്. നിലവിലുള്ള അപേക്ഷകരെ നിലനിര്‍ത്താനുള്ള നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. വിവാദമായതിനെ തുടര്‍ന്നാണ് തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഭേദഗതി സബ്ജക്ട് കമ്മിറ്റിക്കയച്ച ശേഷമാകും അന്തിമമായി പാസ്സാക്കുക. വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി നടപ്പാക്കാനുള്ള ഭേദഗതി ബില്ലും സഭയില്‍ അവതരിപ്പിക്കും. അധിക പണം സ്വരൂപിക്കാനായി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡിന് കൂടുതല്‍ അധികാരം നല്‍കാനുള്ള ഭേദഗതിയാണ് അവതരിപ്പിക്കുക.