നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. പ്രതിപക്ഷ സമരം സർക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. സ്വർണക്കൊള്ള വീണ്ടും ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിച്ചു തുടങ്ങിയത്. എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച വിഡി സതീശൻ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആ സമരം തുടരുകയാണ്, രണ്ട് എംഎൽഎമാർ സഭാ കവാടത്തിൽ സത്യാഗ്രഹം ഇരിക്കും. അതേ സമയം സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. പ്രതിപക്ഷ സമരം സർക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഹൈക്കോടതി മേൽനോട്ടത്തിൽ ആണ് അന്വേഷണം. ഇന്നും പാരഡി പാട്ട് സഭയിൽ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്.
അതേ സമയം, പയ്യന്നൂരിലെ ധനരാജ് ഫണ്ട് തട്ടിപ്പിൽ നിയമസഭയിൽ ചർച്ചക്ക് തയ്യാറാകാതെ സർക്കാർ. ഫണ്ട് തട്ടിപ്പിൽ ടിഐ മധുസൂദനൻറെ രാജിയാവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ചിനെതിരായ സിപിഎം അക്രമത്തിലെ അടിയന്തിര പ്രമേയനോട്ടീസ് സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. സ്വർണ്ണക്കൊള്ള കേസിൽ ജയിലിലുള്ള പ്രതികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം ഫണ്ട് കൊള്ള പുറത്തുപറഞ്ഞ വി കുഞ്ഞിക്കൃഷ്ണനെ 24 മണിക്കൂറിനുള്ളിൽ പുറത്താക്കിയെന്ന് വിഡി സതീശൻ വിമർശിച്ചു
രാഷ്ട്രീയകേരളം ഏറ്റെടുത്ത ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള വി കുഞ്ഞിക്കൃഷ്ണന്‍റെ ഫണ്ട് തട്ടൽ വെളിപ്പെടുത്തലായിരുന്നു പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയ നോട്ടീസിനാധാരം. കണക്ക് പുറത്തുപറയില്ലെന്ന പാർട്ടിനിലപാടിനെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ സുതാര്യത ഉറപ്പാക്കാൻ സഭയിൽ ചർച്ച ചെയ്യുമോഎന്നായിരുന്നു ആകാംക്ഷ. എന്നാൽ ഏത് നോട്ടീസും ചർച്ചക്കെടുക്കുന്ന ഭരണപക്ഷത്തിൻറെ സമീപകാല രീതി ഫണ്ട് തിരിമറിയിൽ ഇല്ല. ഒന്നും പൊതുജനം അറിയേണ്ട,പാർട്ടിക്കാര്യമെന്ന നിലപാട് സഭയിലും.
പ്രതിരോധത്തിലായ സിപിഎമ്മിനെ സ്പീക്കർ രക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഇരിപ്പടം മറച്ച് പ്രതിഷേധം. സ്വന്തം ജില്ലയിലെ പാർട്ടിയിലെ ഗൗരവപ്രശ്നത്തിൽ സഭയിൽ മുഖ്യമന്ത്രിക്ക് മൗനം. ഒടുവിൽ സർക്കാരിൻറെയും സ്പീക്കറുടെയും നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു. കുഞ്ഞികൃഷ്ണന്‍റെ ജീവന് കോൺഗ്രസ് സംരക്ഷണം നൽകും. കോൺഗ്രസുമായി ചർച്ച നടത്തിയെന്നത് തെറ്റെന്നും സതീശൻ പറഞ്ഞു. പ്രതിഷേധിച്ച കോൺഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ നടപടി വേണം. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

