Asianet News MalayalamAsianet News Malayalam

അഫ്ഗാനില്‍ ഇന്ത്യ നിര്‍മിച്ച ഡാം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

At First Stop Of 5-Nation Tour, PM Modi Inaugurates Afghan-India Friendship Dam
Author
Kabul, First Published Jun 4, 2016, 12:45 PM IST

കാബൂള്‍: അമേരിക്കയും സ്വിസ്റ്റര്‍ലന്‍ഡുമുള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം തുടങ്ങി. സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെത്തിയ നരേന്ദ്രമോദി ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ ഹെരാത് പ്രവിശ്യയില്‍ നിര്‍മ്മിച്ച സല്‍മ അണക്കെട്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദത്തിന്റെ പ്രതീകമാണ് ഈ അണക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു.ഈ അണക്കെട്ട് നിര്‍മ്മിച്ചത് കരിങ്കല്ലുകള്‍ കൊണ്ടും സിമന്റ്കൊണ്ടുമല്ല, ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദം കൊണ്ടാണെന്നും മോദി പറഞ്ഞു.ചടങ്ങില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയും പങ്കെടുത്തു.

ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതികസഹായത്തോടെ അഞ്ച് വര്‍ഷത്തോളം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സല്‍മ ഡാം യാഥാര്‍ഥ്യമാകുന്നത്. 42 മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിന്റെ ഉത്പാദനശേഷി. സല്‍മ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഹെരാതില്‍ നിന്ന് ഇന്ത്യയിലെത്തിയ സൂഫി ആചാര്യന്‍ ഖ്വാജ മൊയിനുദ്ദീന്‍ ചിസ്തിയെക്കുറിച്ച് പറഞ്ഞാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്.

അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമാനുള്ള ഖാന്‍ അവാര്‍ഡ് മോദിയ്‌ക്ക് പ്രസിഡന്റ് അഷ്റഫ് ഗനി സമ്മാനിച്ചു. ഇതിനുശേഷം മോദി ഖത്തറിലേയ്‌ക്ക് യാത്ര തിരിച്ചു. ആണവ വിതരണഗ്രൂപ്പില്‍ ഇന്ത്യയ്‌ക്ക് അംഗത്വം നേടുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കുക എന്നതാണ് മോദിയുടെ പഞ്ചരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. അഫ്ഗാനിസ്ഥാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍, അമേരിക്ക, മെക്‌സിക്കോ തുടങ്ങി ഇക്കുറി സന്ദര്‍ശനത്തിന് മോദി തെരഞ്ഞെടുത്ത അഞ്ചില്‍ മൂന്ന് രാജ്യങ്ങളും എന്‍എസ്ജി അംഗങ്ങളാണ്. അമേരിക്കയില്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി അമേരിക്കന്‍ പ്രതിനിധിസഭകളുടെ സംയുക്തയോഗത്തെ ഏഴാം തീയതി അഭിസംബോധന ചെയ്യും.

 

Follow Us:
Download App:
  • android
  • ios