അമേരിക്കയില്‍ അതിവേഗ ആംട്രാക്ക് ട്രെയിന്‍ പാളം തെറ്റി ഹൈവെയിലേക്ക് വീണ് മൂന്ന് മരണം. വാഷിംഗ്ടണിലെ അതിവേഗ പാതയിലെ ഉദ്ഘാടന യാത്രക്കിടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
വാഷിംഗ്ടണിലെ ഡുപോണ്ടില്‍ തിരക്കേറിയ ഹൈവേക്ക് കുറുകേ സഞ്ചരിക്കവേയാണ് ട്രെയിന്‍ പാളം തെറ്റി ബോഗികള്‍ താഴേക്ക് വീണത്. കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ബോഗികള്‍ക്കടിയില്‍പ്പെട്ടു. 78 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സര്‍ക്കാരിന് പങ്കാളിത്തമുള്ള ആംട്രാക്ക് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വാഷിംഗ്ടണില്‍ പുതുതായി നടപ്പിലാക്കിയ അതിവേഗ പാതയിലെ ആദ്യ ഓട്ടത്തിനിടെയായിരുന്നു അപകടം. സിയാറ്റില്‍, ഓറിഗോണ്‍ നഗരങ്ങള്‍ തമ്മിലുള്ള അകലം കുറയ്‍ക്കുന്നതായിരുന്നു പുതിയ പാത. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ക്രിസ്‍മസ് തിരക്ക് ആരംഭിച്ചതിനാല്‍ റോഡിലും നല്ല തിരക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ മരണനിരക്ക് ഉയരുമോയെന്ന് ആശങ്കയുണ്ട്. അപകടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദു:ഖം രേഖപ്പെടുത്തി. പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ ആസൂത്രണമില്ലായ്‍മയിലേക്കാണ് അപകടം വിരല്‍ ചൂണ്ടുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്‍തു.
