കേന്ദ്രധനമന്ത്രാലയം നല്‍കുന്ന കണക്കനുസരിച്ച് 17,50,000 കോടി രൂപയുടെ നോട്ടുകളാണ് ഒക്ടോബര്‍ അവസാനം വരെ വിപണിയിലുള്ളത്. ഇതിന്റെ 84 ശതമാനം, 14,50,000 കോടി രൂപ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളാണ്. നോട്ട് നിരോധനം പ്രഖാപിച്ച ശേഷം നവംബര്‍ 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ 50,000 കോടി രൂപ 100, പുതിയ 2000 നോട്ടുകളായി ജനങ്ങളിലേക്കെത്തിച്ചെന്നാണ് കേന്ദ്രധനകാര്യ മന്ത്രാലയം പറയുന്നത്. 

12,500 കോടിയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ രാജ്യത്ത് വിതരണം ചെയ്യാനായി സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍തന്നെയും പിന്‍വലിച്ച 17,50,000 കോടി രൂപയ്ക്ക് പകരം പുതിയ നോട്ടുകളെത്താന്‍ 116 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അനൗദ്യോഗിക കണക്ക്. 

എടിഎമ്മുകളില്‍ നിറയ്ക്കാനും പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം വിതരണം ചെയ്യാനും ആവശ്യമായ നോട്ടുകള്‍ തയ്യാറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഉറപ്പ് പറയുന്നില്ല. പുതിയതായി പുറത്തിറക്കുന്ന നോട്ടുകളുടെ പ്രിന്റിംഗ് നേരത്തെ തുടങ്ങിയിട്ടുണ്ടെന്ന് മാത്രമാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.

അതേസമയം നോട്ടുകള്‍ നിരോധിച്ചത് കള്ളപ്പണം പിടികൂടാനുള്ള പോംവഴിയല്ലെന്നാണ് കേന്ദ്ര നികുതി വകുപ്പ് ചെയര്‍മാന്‍ പറയുന്നത്. 2012ല്‍ ടാക്‌സ് വകുപ്പ് തയ്യാറാക്കിയ ഇന്ത്യയിലും വിദേശത്തുമുള്ള കള്ളപ്പണം കണ്ടെത്തുന്നത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം നോട്ടുകളായല്ല, ബിനാമികളുടെ പേരില്‍ വസ്തുക്കളായും സ്വര്‍ണ്ണവുമായാണ് സൂക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.