തിരുവനന്തപുരം: തിരുവന്തപുരത്തെ എടിഎമ്മുകളിൽ സ്കിമ്മർമെഷീൻ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ ഗബ്രിയേൽ മരിയ(26)ന് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് കേരളപൊലീസ്. ഇത്രയും വിദഗ്‍ദ്ധമായ രീതിയില്‍ കവര്‍ച്ച നടത്തിയ സംഘത്തലവന് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് മനസിലായതിന്‍റെ അമ്പരപ്പിലാണ് കേരള പൊലീസ്. ബൾഗേറിയയിൽ നിന്നാണ് ഇയാൽ സ്കിമ്മർമെഷീൻ ഉപയോഗിച്ച് എടിഎം വിവിരങ്ങൾ ചോർത്തുന്ന സാങ്കേതിക വിദ്യ പഠിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മുംബൈയില്‍ നിന്നും അറസ്റ്റിലായ ഇയാളെ ഇന്നു വൈകുന്നേരത്തോടെയാണ് നവി മുംബൈ ബേലാപുർ കോടതിയിൽ ഹാജരാക്കിയത്. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ നിസംഗനായി നോക്കിനിൽക്കുകയായിരുന്നു ഇയാള്‍.

കോടതി മുറിക്ക് പുറത്ത് സംസാരിക്കാൻ തുനിഞ്ഞ മാധ്യമപ്രവര്‍ത്തകരോട് എന്നെ ഒറ്റയ്ക്ക് വെറുതെയിരിക്കാൻ വിടൂ എന്ന് പിറുപിറുത്തു. പിന്നെ കുറേനേരം തലതാഴ്തിയിരുന്നു. പത്തുമണിക്കൂറിലധികം കേരളപൊലീസ് ചോദ്യംചെയ്ത ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

കേരളപൊലീസ് വലവിരിച്ചിട്ടുണ്ട് എന്നത് മനസിലാക്കാതെ ഇന്നലെ മുംബൈയിലെ ഏടിഎമ്മിൽനിന്നും നൂറ് രൂപ പിൻവലിച്ചതാണ് ഗബ്രിയേൽ മരിയനെ കുടുക്കിയത്. പൊലീസിന്‍റെ പലചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല. നാളെ ഇയാളെ വിശദമായി ചോദ്യംചെയ്യും.