പാലക്കാട്: പിന്‍ നമ്പറും ഒടിപി നമ്പറും വെളിപ്പെടുത്താതിരുന്നിട്ടും എടിഎം കാര്‍ഡ് വഴി പണം നഷ്ടപ്പെട്ടതായി പരാതി. പാലക്കാട് നൂറണി സ്വദേശിക്കാണ് എസ്ബിഐ അക്കൗണ്ടില്‍ നിന്ന് എണ്‍പതിനായിരം രൂപ നഷ്ടപ്പെട്ടത്. ദില്ലിയിലെ ഒരു എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായാണ് അറിയിപ്പ് ലഭിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയക്കും പന്ത്രണ്ടിനും ഇടയിലാണ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടതെന്ന് അബ്ദുള്‍ ഹക് പറയുന്നു. പാലക്കാട് ടി ബി റോഡിലെ എസ് ബി ഐ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ച എണ്‍പതിനായിരം രൂപയാണ് പല തവണയായി പിന്‍വലിക്കപ്പെട്ടത്.
ബാങ്കില്‍ ഉടനടി അറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്തു. ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ ഒന്നും നടത്തിയിരുന്നില്ലെന്നും , എടിഎം പിന്‍ നമ്പറോ, ഒ റ്റി പി നമ്പറോ മറ്റാരുമായും പങ്കുവച്ചിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു
വ്യാജമായി നിര്‍മ്മിച്ച ഏറ്റിഎം കാര്‍ഡ് ഉപയോഗിച്ചാവണം പണം പിന്‍വലിച്ചതെന്നാണ് പൊലീസിന്‍റെയും നിഗമനം. ദില്ലി ലക്ഷ്മി നഗറിലെ ഈ എ ടി എമ്മില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിക്കുന്നു.
